എന്‍സിപി നേതാവ് ബാബാ സിദ്ധിഖിയെ വെടിവെച്ച് കൊന്നതിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന് സ്ഥിരീകരിച്ച് മുംബൈ ക്രൈം ബ്രാഞ്ച്. ബിഷ്ണോയ് സംഘം സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഷൂട്ടര്‍മാരില്‍ യു.പി സ്വദേശിയായ മൂന്നാമനെ കണ്ടെത്തിയെന്നാണ് സൂചന. സല്‍മാന്‍ ഖാനെ വകവരുത്താന്‍ പദ്ധതിയിട്ട മാതൃകയില്‍ ഒരുമാസത്തെ ആസൂത്രണമാണ് ഈ കൊലയ്ക്ക് പിന്നിലും നടത്തിയത്.
നടന്‍ സല്‍മാന്‍ ഖാനുമായി ബാബാ സിദ്ധിഖിയ്ക്ക് ഉണ്ടായിരുന്ന അടുത്ത ബന്ധമാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പഞ്ചാബ് ജയിലില്‍ വച്ച് പരിചയപ്പെട്ട മൂന്ന് ഷൂട്ടര്‍മാരെയാണ് ഇതിനായി നിയോഗിച്ചത്. 14,000 രൂപ വാടകയില്‍ മുംബൈ കുര്‍ളയില്‍ ഒരുമാസത്തോളം ഇവര്‍ക്ക് വീട് എടുത്തു നല്‍കി. ഓരോര്‍ത്തര്‍ക്കും അമ്പതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. വീടും പരിസരവും നിരീക്ഷിച്ച പ്രതികള്‍ കൃത്യമായ ആസൂത്രണത്താടെ കൊലപാതകം നടത്തി. യു.പി സ്വദേശിയായ മൂന്നാമത്തെ ഷൂട്ടറെ കണ്ടെത്തിയെന്നാണ് സൂചന. ഹരിയാന, യു.പി സ്വദേശികളായ രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.
സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് സംഘം സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്. ബാബാ സിദ്ധിഖിയ്ക്ക് ദാവൂദിന്‍റെ ഡി– കമ്പനിയുമായി ബന്ധമുണ്ടെന്നും ഇതില്‍ പരാമര്‍ശിക്കുന്നു. മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ 15 സംഘങ്ങളെ ഡല്‍ഹി, ഹരിയാന, യു.പി എന്നിവിടങ്ങളിലേക്ക് അയച്ചു. മുംബൈ നഗര നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ തര്‍ക്കങ്ങള്‍ കൊലയ്ക്ക് കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തി.
തിരഞ്ഞെടുപ്പിന് മുന്‍പ് എന്തുപറഞ്ഞ് ഇതിനെ വിശദീകരിക്കും എന്നറിയാതെ പ്രതിരോധത്തിലാണ് ഭരണപക്ഷം. ഇന്നലെ രാത്രിയാണ് ബാന്ദ്ര ഈസ്റ്റില്‍വച്ച് കാറില്‍ കയറുന്നതിനിടെ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെടുന്നത്.