ഡല്‍ഹിയില്‍ നടന്ന രാംലീല പരിപാടിക്കിടെ കുഭകര്‍ണനായി വേഷമിട്ടയാള്‍ നെഞ്ച് വേദനയെത്തുടർന്ന് മരിച്ചു. പശ്ചിം വിഹാർ നിവാസിയായ വിക്രം തനേജ എന്ന 60കാരനാണ് ചടങ്ങിനിടെ മരിച്ചത്. തെക്കന്‍ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം നടന്നത്. രാവണന്‍റെ സഹോദരനായ കുംഭകർണ്ണന്‍റെ വേഷം ചെയ്യുന്നതിനിടെയാണ് തനേജയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാവുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മാളവ്യ നഗറിലെ സാവിത്രി നഗറിലായിരുന്നു രാംലീല പരിപാടികള്‍ നടന്നത്. തനേജ കുംഭകര്‍ണ വേഷത്തിലായിരുന്നതിനാല്‍ നെഞ്ചുവേദനകൊണ്ട് പുളഞ്ഞിട്ടും തുടക്കത്തില്‍ ആരും ശ്രദ്ധിച്ചില്ല. പിന്നീട് ബോധരഹിതനായി തനേജ വീണതോടെയാണ് ആളുകള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തനേജയെ അടുത്തുളള ആകാശ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് തനേജയുടെ മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും പൊലീസ് അറിയിച്ചു.