ഇന്ത്യൻ സായുധസേനകൾക്ക് ഗെയിം ചേഞ്ചറാകാനെത്തുന്നു എംക്യു 9 ബി ഡ്രോണുകൾ. മൂന്ന് സേനകൾക്കുമായി 31 ഡ്രോണുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. മുപ്പത്തി രണ്ടായിരത്തോളം കോടി രൂപയുടെ കൂറ്റൻ പ്രതിരോധ ഇടപാടാണിത്.
കാത്തിരിപ്പുകൾക്ക് വിരാമം. ഇന്ത്യയുടെ കര–സമുദ്ര–വ്യോമ അതിർത്തികൾ കാക്കാനും ആവശ്യമെങ്കിൽ വെല്ലുവിളി ഉയർത്തുന്ന ലക്ഷ്യങ്ങളെ ആക്രമിക്കാനും ലക്ഷ്യമിട്ടാണ് ഹണ്ടർ കില്ലറുകൾ എന്ന് വിളിപ്പേരുള്ള 31 എംക്യു - 9 ബി ഡ്രോണുകൾ ഇന്ത്യ വാങ്ങുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്സിൽനിന്നാണ് ഡ്രോണുകളെത്തുക. നാവികസേനയ്ക്കായി 15 സീ ഗാർഡിയൻ ഡ്രോണുകളും കര–വ്യോമ സേനകൾക്കായി എട്ട് വീതം സ്കൈ ഗാർഡിയൻ ഡ്രോണുകളുമാണ് വാങ്ങുക. ഹെൽഫയർ മിസൈലുകളും ലേസർ നിയന്ത്രിത ബോംബുകളടക്കം ആയുധങ്ങളുടെ വലിയൊരു നിര തന്നെ ഓരോ ഡ്രോണുകളിലുമുണ്ടാകും.
അൽ ഖായിദ തലവനായിരുന്ന അയ്മൻ അൽ സവാഹിരിയെ 2022 ജൂലൈയിൽ കാബൂളിൽവച്ച് അമേരിക്ക വധിച്ചത് ഇതേ ഡ്രോണുകളിൽനിന്ന് വർഷിച്ച ഹെൽഫയർ മിസൈൽ ഉപയോഗിച്ചാണ്. നാല് ഹെൽഫയർ മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിച്ച് 35 മണിക്കൂർ വരെ പറക്കാൻ ഡ്രോണുകൾക്ക് കഴിയും. കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷം തുടരുമ്പോൾ എംക്യു 9 ബി ഡ്രോണുകളുടെ വരവ് ഇന്ത്യയ്ക്ക് വൻ മുതൽക്കൂട്ടാണ്. ആവശ്യം വന്നാൽ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാംപുകളെയും ലക്ഷ്യമിടാം.