എഡിഎം നവീന്‍ ബാബു, ടി.വി. പ്രശാന്തന്‍

  • സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ പമ്പിനായി അപേക്ഷിച്ചെന്ന പരാതി
  • എഡിഎമ്മിനെതിരെ പരാതിപ്പെട്ട പ്രശാന്തനോട് പരിയാരം പ്രിന്‍സിപ്പല്‍ വിശദീകരണം തേടി
  • പരിയാരം മെഡി.കോളജില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തന്‍

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പരിയാരം മെഡിക്കല്‍ കോളജ്  ജീവനക്കാരന്‍ ടി.വി. പ്രശാന്തനോട് വിശദീകരണം തേടി കോളജ് പ്രിന്‍സിപ്പല്‍. ഇന്ധനപമ്പിന് അനുമതി ലഭിക്കാന്‍ 98,500 രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തന്‍റെ ആരോപണം. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്തന്‍ ‌പമ്പിന് അനുമതിതേടി 

അപേക്ഷ നല്‍കാന്‍ എങ്ങിനെ കഴി‌ഞ്ഞെന്നാണ് ഉയരുന്ന ചോദ്യം. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തന്‍. പ്രശാന്തനെതിരെ  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എന്‍ജിഒ അസോസിയേഷന്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയത്.

ടി.വി. പ്രശാന്തന്‍റെ ആരോപണത്തില്‍ സംശയങ്ങൾ ഉയരുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്. എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തൻ പി.പി. ദിവ്യയുടെ ഭർത്താവ് അജിത്തിന്‍റെ ‍ബെനാമി ആണെന്നായിരുന്നു കോണ്‍ഗ്രസ് ആക്ഷേപം. പെട്രോൾ പമ്പിന്‍റെ യഥാർഥ ഉടമ ദിവ്യയുടെ ഭർത്താവും പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരനുമായ അജിത്ത് ആണെന്നാണ് ഡിസിസി പ്രസിഡന്‍റ്് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചത്.

വൈകാതെ ആരോപണം ബിജെപിയും ഏറ്റുപിടിച്ചു. ദിവ്യയുടെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ല കുട്ടിയാണ് കോൺഗ്രസ് ആരോപണം ആവർത്തിച്ചത്. ചെങ്ങളായിലെ പെട്രോൾ പമ്പ് നിർമ്മിക്കാൻ അനുവദിക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തെളിവുകൾ പുറത്തുവിടാതെയായിരുന്നു ഇരു സംഘടനകളും ആരോപണം ഉന്നയിച്ചത്. അന്വേഷണം നടത്തി  നിജസ്ഥിതി കണ്ടെത്തണമെന്നാണ് ആവശ്യം.

അതേസമയം, എ.ഡി.എം. നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ വീട്ടിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.  പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടത്തി. ഇതോടെ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. വനിതാ പ്രവര്‍ത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധങ്ങൾ മുന്നിൽകണ്ട് ദിവ്യയുടെ വീടിനു പരിസരത്ത് സുരക്ഷാ കവചം ഒരുക്കി സിപിഎം പ്രവർത്തകർ സംഘടിച്ചെങ്കിലും പിന്നീട് പിരിഞ്ഞുപോയി

ENGLISH SUMMARY:

Pariyaram Medical College principal seek an explanation from Prasanthan