image: x.com/airindia

image: x.com/airindia

നാലാം ദിവസവും മുടങ്ങാതെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. അഞ്ച് എയർ ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കുമാണ് ഇന്ന് മാത്രം ബോംബ് ഭീഷണി ലഭിച്ചത്. മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്യന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഓൺലൈൻ ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 പറയുന്നതനുസരിച്ച് മുംബൈയിൽ നിന്ന് രാവിലെ 7:05 ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യയുടെ ബോയിംഗ് 777 ആണ് ഇംഗ്ലണ്ടിന് മുകളിലെത്തിയപ്പോള്‍ ബോബ് ഭീഷണി ലഭിച്ചത്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ ഉച്ചയ്ക്ക് 12:05 നായിരുന്നു ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. അതേസമയം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാല് ദിവസത്തിനുള്ളിൽ 20 വിമാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ ബോംബ് ഭീഷണി ലഭിച്ചിട്ടുള്ളത്. ബോയിങ് 787 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍സിന്‍റെ വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് എത്തിയ ഉടൻ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. 147 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. 

ഇസ്താംബൂളിൽ നിന്ന് തുർക്കിയിലേക്ക് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. 6E 18 ഫ്ലൈറ്റിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായാണ് ഇന്‍ഡിഗോ അറിയിക്കുന്നത്.

അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ബോംബ് ഭീഷണികളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) റിപ്പോർട്ട് തയ്യാറാക്കും. ഭീഷണി പതിവായ സാഹചര്യത്തില്‍ വ്യോമയാന– ആഭ്യന്തര മന്ത്രാലയ ഉന്നതര്‍ യോഗം ചേര്‍ന്നിരുന്നു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാമെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു പ്രസ്താവനയിൽ പറഞ്ഞു. ഭീഷണി സന്ദേശമയക്കുന്നവരെ അഞ്ച് വർഷത്തേക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് വിമാനക്കമ്പനികളുടെ നിർദേശം. വ്യാജ ബോംബ് ഭീഷണിയെ തുടർന്നുണ്ടാകുന്ന നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കണമെന്നും വിമാനക്കമ്പനികൾ നിർദ്ദേശിച്ചതായാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.

ENGLISH SUMMARY:

Following a bomb threat, an emergency was declared on an Air India flight from Mumbai to London. According to the online flight tracking website FlightRadar24, the Boeing 777 took off from Mumbai at 7:05 AM and received the bomb threat while flying over England. The flight was scheduled to land at Heathrow Airport in London at 12:05 PM, and the threat message was received an hour before landing. Reports indicate that the plane landed safely.