നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നടപടി നേരിട്ടവയില്‍ മുഖ്യ പങ്കും കേരളത്തിലാണ്. ഹവാല ഇടപാടിലൂടെ വന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നതായി അന്വേഷണ ഏജന്‍സി പറയുന്നു. മലപ്പുറം മഞ്ചേരിയിലെ സത്യസരണി, മതപരിവര്‍ത്തന കേന്ദ്രമെന്നും ഇഡി വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇഡി റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ അവരുടെ സഹായം ലഭിച്ചതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്‌ലാം സഭ, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മഞ്ചേരിയിലെ സത്യസരണി, വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി. കേരളം, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിച്ചിരുന്നു. ഹവാലയിലൂടെയും സംഭാവനയിലൂടെയും ലഭിച്ച പണം ഉപയോഗിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്. നേരത്തെയും ഇഡി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇതോടെ ആകെ മൂല്യം 61 കോടിയായി ഉയര്‍ന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പണത്തിന്‍റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. ഇവയുടെ ശരിയായ ഉറവിടം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇഡി പറയുന്നു. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്.