കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 40 തവണയാണ് വ്യാജ ബോബ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ അടിയന്തരമായി തറയിലിറക്കേണ്ടി വന്നത്. എറ്റവും ഒടുവില്‍ വിസ്താര എയര്‍ലൈന്‍ വിമാനമാണ് ബോബ് ഭീഷണിയെ തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ അടയന്തര ലാന്‍ഡിങ് നടത്തിയത്.
ഇത്തരത്തിലുള്ള ഭീഷണികള്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സെക്യൂരിറ്റി ക്ലിയറന്‍സിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ദുരവസ്ഥ. എന്നാലിത് യാത്രക്കാര്‍ക്ക് മാത്രമല്ല എയര്‍ലൈന്‍ കമ്പനികള്‍ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കോടികളുടെ നഷ്ടമാണ് ഒരോ വ്യാജ ബോബ് ഭീഷണിയും വിമാന കമ്പനികള്‍ക്ക് സമ്മാനിക്കുന്നത്. അടയന്തര ലാന്‍ഡിംങ് ചാര്‍ജ്, യാത്രക്കാര്‍ക്കുള്ള താമസം ഭക്ഷണം, ജീവനക്കാരെ മാറ്റുന്നത്, ഇന്ധനം തുടങ്ങിയവ ചേര്‍ത്താണ് ഈ വലിയ തുക നഷ്ടം കണക്കാക്കുന്നത്.
വിലയേറിയ ഭീഷണികള്‍
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിന്നും വന്ന എയര്‍ ഇന്ത്യ ബോയിങ് 777 പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഭീഷണിയെ തുടര്‍ന്ന് അടയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. 130 ടണ്‍ ഇന്ധനമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബോയിങ് 777 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനാകുന്ന പരമാവധി ഭാരം 250 ടണ്ണാണ്. യാത്രക്കാരും, ലഗേജും ഉള്‍പ്പെടെ 340 ടണ്ണിന് മുകളിലായിരിക്കും ഭാരം. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ലാന്‍ഡ് ചെയ്യേണ്ടി വരുമ്പോള്‍ 100 ടണ്ണിന് മുകളില്‍ ഇന്ധനം ഉപേക്ഷിക്കേണ്ടി വരും. ഒരു ടണ്‍ വിമാന ഇന്ധനത്തിന് 1 ലക്ഷത്തിനടുത്താണ് ചെലവ്. അങ്ങനെ വരുമ്പോള്‍ ഇന്ധനം മാത്രമായി 1 കോടിക്ക് മുകളിലാണ് നഷ്ടം.
മറ്റൊന്ന് കഴിഞ്ഞ 15 തീയതിയാണ്. എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഷിക്കാഗോ ബോയിങ് 777 വിമാനം ഭീഷണിയെ തുടര്‍ന്ന് അടയന്തരമായി നിലത്തിറക്കേണ്ടി വന്നു. കാനഡയിലെ ഇക്കാലുവേറ്റ് (Igaluit) വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. മൂന്നര ദിവസമാണ് 200 യാത്രക്കാരും ക്രൂവും അവിടെ കുടുങ്ങിയത്. ഒടുവില്‍ യാത്രക്കാരെ കനേഡിയന്‍ എയര്‍ഫോഴ്സിന്‍റെ A330 വിമാനത്തില്‍ ഷിക്കാഗോയില്‍ എത്തിക്കുകയായിരുന്നു. അതിന് എയര്‍ ഇന്ത്യ വെളിപ്പെടുത്താത്ത തുക നല്‍കി. കൂടാതെ ഒരോ ദിവസവും 14 ലക്ഷം രൂപ വീതമാണ് കമ്പനിക്ക് അവിടെ ചെലവായത്.
രാജ്യത്തെ വിമാന കമ്പനികള്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. ടിക്കറ്റിന് പൊന്നും വിലയുള്ള ഉത്സവകാലത്താണ് ഭീഷണികള്‍. ഇതുമുലം ലാഭത്തേക്കാള്‍ നഷ്ടമാണ് കമ്പനികള്‍ അഭിമുഖീകരിക്കുന്നത്. ഇവക്ക് പുറമേയാണ് കണറ്റിങ് ഫ്ലൈറ്റടക്കം നഷ്ടമാകുന്നത് മൂലമുള്ള യാത്രക്കാരുടെ കേസുകളും.
പിന്നില്‍ കുട്ടികള്‍
ഇത്തരം ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഏവിയേഷന്‍ മന്ത്രാലയം സ്വീകരിക്കുന്നത്. ആരെന്ന് കണ്ടെത്തിയാല്‍ പിന്നീടൊരിക്കലും വിമാനത്തില്‍ കയറാനാകാത്ത 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഭീഷണി മുഴക്കിയ 10 എക്സ് അകൗണ്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോക്ക് ചെയ്തത്. പ്രഥമിക അന്വേഷണത്തില്‍ പിന്നില്‍ കുട്ടികളെന്നാണ് കണ്ടെത്തല്‍. ഛത്തീസ്ഗഡ് സ്വദേശിയായ 17 കാരനെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.