ജഡ്ജിയും ഗുമസ്തന്മാരും പരിചാരകരുമെല്ലാമായി ഗുജറാത്തില്‍ വ്യാജ കോടതി പ്രവര്‍ത്തിച്ചത് ഒന്നും രണ്ടുമല്ല, അഞ്ച് വര്‍ഷം. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചിരുന്ന കോടതിക്ക് ഒടുവില്‍ പൂട്ടുവീണു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു കോടതി പ്രവര്‍ത്തിച്ചിരുന്നത്. മോറിസ് സാമുവല്‍ എന്നയാളായിരുന്നു ഈ വ്യാജ കോടതിയിലെ ന്യായാധിപന്‍.സിവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഭൂമിതര്‍ക്ക കേസുകളിലെ കക്ഷികളായിരുന്നു ഇര. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്താണ് കക്ഷികളെ ഈ വ്യാജ കോടതിയിലേക്ക് എത്തിച്ചിരുന്നത്.
തീര്‍പ്പാകാത്ത കേസുകള്‍ ഈ ട്രൈബ്യൂണല്‍ പരിഗണിച്ച് വേഗത്തില്‍ പരിഹാരം നിശ്ചയിക്കുമെന്ന് വാക്കു നല്‍കിയാണ് കക്ഷികളെ സ്വാധീനിക്കുന്നത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇവര്‍ വ്യാജ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. വന്‍ തുകയാണ് ഇവര്‍ കക്ഷികളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഈ വ്യാജ കോടതിയില്‍ നിന്ന് 2019ല്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഒന്ന് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പിന്‍റെ കഥകള്‍ പുറത്തുവരുന്നത്.