ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബാരാമുള്ളയിൽ നിയന്ത്രണരേഖയോട് ചേർന്നാണ് കരസേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തിയത്. രണ്ട് സൈനികരും രണ്ട് സിവിലിയൻ പോർട്ടർമാരും കൊല്ലപ്പെട്ടു. മറ്റ് രണ്ട് സൈനികർക്ക് പരുക്കേറ്റു. സൈന്യം ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കരസേനയുടെ വാഹനവ്യൂഹത്തിനുനേരെ ഭീകരർ വെടിയുർത്തതായി ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു.
നിയന്ത്രണരേഖയോട് തൊട്ടുചേർന്ന് നാഗിൻ പോസ്റ്റിനുസമീപമാണ് ആക്രമണമുണ്ടായത്. ഇന്നത്തെ രണ്ടാമത്തെയും ഈയാഴ്ചയിലെ നാലാമത്തെയും ഭീകരാക്രമണമാണിത്. ഇന്ന് രാവിലെ പുല്‍വാമയിലെ ത്രാലില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള അതിഥി തൊഴിലാളിക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. വെടിയേറ്റ തൊഴിലാളി ചികിൽസയിലാണ്. ഒരാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഭീകരാക്രമണമാണിത്.
അതിനിടെ ഗന്ദേര്‍ബാലില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. എകെ 47 തോക്കിന് പുറമെ അമേരിക്കന്‍ നിര്‍മിത M4 റൈഫിളും ഭീകരര്‍ ഉപയോഗിച്ചെന്ന് വ്യക്തമായി. ഷോപ്പിയാനിൽ കഴിഞ്ഞ വെള്ളിയാഴ്ച ബിഹാറിൽനിന്നുള്ള ഒരു തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉന്നതലയോഗം വിളിച്ചു. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍, കോര്‍പ്സ് കമാന്‍ഡര്‍മാര്‍, ജമ്മു കശ്മീര്‍ ഡിജിപി, ഐബിയിലെയും അര്‍ധ സൈനിക വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.