sruthy-dowry-death

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍  ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞ് ഭര്‍തൃമാതാവ് ശ്രുതിയെ പീഡിപ്പിച്ചിരുന്നതിന് തെളിവായി ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നടുക്കുന്ന വിവരങ്ങളുള്ളത്. 

കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയും നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികും തമ്മില്‍ ആറുമാസം മുന്‍പാണ് വിവാഹിതരായത്. കാര്‍ത്തികിന്‍റെ അമ്മ ഭര്‍ത്താവുമായി അടുപ്പിക്കുന്നില്ല എന്നാണ് ശ്രുതി പറയുന്നത്. ‘ഞാനും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇവര്‍ കാരണമാണ് എല്ലാം. എന്‍റെ ഭര്‍ത്താവിന്‍റെ അടുത്ത് ഞാനൊന്ന് ഇരിക്കാന്‍ പോലും പാടില്ല. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാന്‍ പാടില്ല. ഭര്‍ത്താവ് കഴിച്ചശേഷം ആ എച്ചില്‍പാത്രത്തില്‍ ഭക്ഷണം കഴിക്കണം എന്നാണ് ഇവര്‍ പറയുന്നത്. അമ്മ എന്നോട് ക്ഷമിക്കണം. 

എന്‍റെ സ്വര്‍ണം മുഴുവന്‍ ഞാന്‍ സുരക്ഷിതമായി എടുത്തുവച്ചിട്ടുണ്ട്. അദ്ദേഹത്തോട് അത് നിങ്ങളെ തിരിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളത് വാങ്ങണം. തമിഴ്നാട്ടിലെ ആചാരപ്രകാരം മരണാനന്തരച്ചടങ്ങില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഇവര്‍ പറഞ്ഞാല്‍ അതിന് സമ്മതിക്കരുത്. അത്രയും വിശ്വസിച്ചാണ് ഇക്കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. എന്നെ ഏതെങ്കിലും വൈദ്യുതി ശ്മശാനത്തില്‍ കൊണ്ടുപോയി കത്തിച്ചു കളയണം’ എന്നാണ് ശ്രുതി അവസാനമായി അമ്മയോട് പറയുന്നത്.

 

ഭര്‍തൃമാതാവായ സെമ്പകവല്ലിയെക്കുറിച്ചാണ് ശ്രുതിയുടെ പരാമര്‍ശങ്ങളത്രയും. കാര്‍ത്തിക്കിന് അമ്മയെ ഭയമാണെന്നും അവര്‍ തന്നെ എന്തുപറഞ്ഞാലും ദ്രോഹിച്ചാലും ഭര്‍ത്താവ് നിശബ്ദനായി നോക്കിനില്‍ക്കുകയാണെന്നും ശ്രുതിയുടെ മെസേജിലുണ്ട്. തമിഴ്നാട് വൈദ്യുതിവകുപ്പ് ജീവനക്കാരനാണ് കാര്‍ത്തിക്. അച്ഛന്‍റെ മരണത്തെത്തുടര്‍ന്നാണ് ആശ്രിത നിയമനം എന്ന നിലയില്‍ കാര്‍ത്തിക്കിന് ജോലി ലഭിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയായ ശ്രുതി അസിസ്റ്റന്‍റ് പ്രഫസറാണ്. 

കോയമ്പത്തൂരില്‍ വൈദ്യുതിവകുപ്പിലാണ് എന്‍ജിനിയറായ ശ്രുതിയുടെ അച്ഛന്‍ ബാബുവും ജോലി ചെയ്യുന്നത്. ജോലിസംബന്ധമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവര്‍ കൊല്ലത്തു നിന്ന് കോയമ്പത്തൂരേക്ക് മാറിയതാണ്. ശ്രുതിയുടെ വിവാഹസമയത്ത് പത്തു ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും നല്‍കിയിരുന്നു. ഇതുപോരെന്ന് പറഞ്ഞായിരുന്നു പീഡനം.

ENGLISH SUMMARY:

10 lakhs rupees and 50 sovereigns were given as dowry. College professor end her life after harassment by in-laws. She send a final voice note to her mother. In that she points out what happened to her six months old marriage life.