രണ്ടു പതിറ്റാണ്ടിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തു നിന്ന് കോണ്‍ഗ്രസിന്‍റെ അമരക്കാരനായ മല്ലികാര്‍ജുന്‍ ഖര്‍ഗെ അധ്യക്ഷ പദത്തില്‍ മൂന്നാം വര്‍ഷത്തിലേക്ക്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ എണ്‍പത്തിയെട്ടാം പ്രസിഡന്‍റാണ് എണ്‍പത്തിരണ്ടു വയസുകാരന്‍ ഖര്‍ഗെ. പൊതുതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം താല്‍ക്കാലിക ആശ്വാസം നല്‍കിയെങ്കിലും സംസ്ഥാനഘടകങ്ങളിലെ ഗ്രൂപ്പു പോര് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രസിഡന്‍റിന് വെല്ലുവിളിയാണ്.
കര്‍ണാടക ബീദറിലെ ദലിത് കുടുംബത്തില്‍ നിന്നുള്ള എണ്‍പത്തി രണ്ടുകാരന്‍ മല്ലികാര്‍ജുന് ഖര്‍ഗെ ഇങ്ങനെ നില്‍ക്കുന്നത് സമത്വത്തോടും നീതിയോടുമുള്ള അഭിനിവേശവും പോരാട്ടവീര്യവും കൊണ്ടാണ്. പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം നടന്ന കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപില്‍, പോള്‍ ചെയ്ത 9385 വോട്ടില്‍ 7897 ഉം നേടിയാണ് ഖര്‍ഗെ ശശി തരൂരിനെ പരാജയപ്പെടുത്തിയത്. 6 വയസുള്ളപ്പോള്‍ ഭൂമിക്കായി ജന്മിയുടെ ഗുണ്ടകള്‍ വീടിന് തീവച്ച് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയപ്പോള്‍ നെഞ്ചില്‍ എരിഞ്ഞ കനലുമായാണ് ഇന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പോരാട്ടം. താനൊരു പോരാളിയാണെന്ന് എപ്പോഴും പറയാറുള്ള അദ്ദേഹം പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെയും മറികടക്കുന്നത് മനശക്തികൊണ്ടാണ്.
പാര്‍ലമെന്‍ററി രംഗത്തെ അഞ്ചു പതിറ്റാണ്ടു നീണ്ട അനുഭവ പരിചയവും താഴെത്തട്ടുമുതലുള്ള സംഘടനാപ്രവര്‍ത്തന പാരമ്പര്യവും വിവിധ ഭാഷകളിലെ പ്രാവീണ്യവും ഖര്‍ഗെയുടെ കരുത്താണ്. അതിലുപരി നെഹ്റു കുടുംബത്തിന്‍റെ എക്കാലത്തെയും വിശ്വസ്ഥതനുമാണ്. പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ അവഹേളിതനായി എന്ന ആക്ഷേപം കേട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന് അതൊന്നും ഗൗരവമായെടുക്കുന്നില്ല. ഹിമാചല്‍ വിജയത്തോടെ തുടക്കം ഗംഭീരമാക്കി എങ്കിലും പിന്നീട് ആശ്വാസത്തിന് വക നല്‍കിയത് ലോക്സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മുന്നേറ്റമായിരുന്നു. ഇന്ത്യ സഖ്യ നേതാക്കള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതും ഖര്‍ഗെയെയാരുന്നു. അതേസമയം ഇതിനിടെ വന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ തല്ലി പാര്‍ട്ടിയെ പരാജയപ്പെടുത്തുന്നത് നോക്കി നില്‍ക്കാനെ അധ്യക്ഷനായുള്ളൂ. ഒടുവില്‍ തോറ്റ ഹരിയാനയിലടക്കം സംസ്ഥാന നേതാക്കളുടെ തമ്മിലടിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വലിയ തലവേദന.