TOPICS COVERED

മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്ങില്‍ റെയില്‍വെ വരുത്തിയ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇനി മുതല്‍ 60 ദിവസം മുന്‍പ് മാത്രമെ റിസര്‍വേഷന്‍ സാധ്യമാകു. നേരത്തെ റിസര്‍വ് ചെയ്തവരെ മാറ്റം ബാധിക്കില്ല. 

ദീര്‍ഘദൂര യാത്രകള്‍ക്ക് 120 ദിവസം മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് നാളെമുതല്‍  ഇല്ലാതാകുന്നത്. സമയപരിധി നേര്‍ പകുതിയായി കുറച്ചു. ഇനിമുതല്‍ യാത്രാ തിയതിക്ക് 60 ദിവസം മുന്‍പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. വൈകി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മാറ്റം ഗുണകരമാവും. 

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ മാറ്റം ബാധിക്കില്ല. അതായത് നിലവില്‍ 120 ദിവസംവരെയുള്ള കാലയളവിലേക്ക് യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് അത് ലഭിക്കും. ഇത്തരം  ടിക്കറ്റുകള്‍ റദ്ദാക്കാനും തടസമില്ല. വിദേശികള്‍ക്ക് 365 ദിവസം മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടര്‍ന്നും സാധിക്കും. 

മറ്റ് രാജ്യങ്ങളില്‍നിന്നു വരുമ്പോള്‍ വളരെ നേരത്തെ യാത്ര പ്ലാന്‍ ചെയ്യേണ്ടതിനാലാണ് ആനുകൂല്യം. പകല്‍ സര്‍വീസ് നടത്തുന്ന താജ് എക്സ്പ്രസ്, ഗോംതി എക്സ്പ്രസ് എന്നിവയ്ക്ക് നിലവില്‍ കുറഞ്ഞ റിസര്‍വേഷന്‍ സമയമാണ്. അതില്‍‌ മാറ്റം വരുത്തില്ല. റിസര്‍വേഷന്‍ നിയമത്തില്‍ പന്ത്രണ്ടാംതവണയാണ് റെയില്‍വെ മാറ്റം വരുത്തുന്നത്. 1995 മുതല്‍ 1998 വരെ 30 ദിവസമായിരുന്നു മുന്‍കൂര്‍ റിസര്‍വേഷനുള്ള സമയപരിധി. 2015 ഏപ്രിലില്‍ ആണ് അത് 120 ദിവസമാക്കി ഉയര്‍ത്തിയത്.