സര്‍ദാര്‍ പട്ടേലിന്‍റെ ജന്‍മവാര്‍ഷികമായ ഏകതാ ദിനത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു സിവില്‍ കോഡ് മുദ്രാവാക്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം തകര്‍ക്കുന്ന അര്‍ബന്‍ നക്സലുകള്‍ എന്ന് പരാമര്‍ശിച്ച് പ്രതിപക്ഷത്തെ മോദി ഉന്നമിട്ടു. എന്നാല്‍ ഭരണഘടനയെ വിമര്‍ശിക്കുന്നവര്‍ പട്ടേലിന്‍റെ പൈതൃകത്തിനായി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ 149–ാം ജന്‍മവാര്‍ഷികമായ ഏകതാ ദിനത്തില്‍ നര്‍മദയിലെ പട്ടേല്‍ പ്രതിമയ്ക്ക് മുന്‍പില്‍ പ്രധാനമന്ത്രിയുടെ ആദരം. പുതുതായി വിഭാവനം ചെയ്യുന്ന മതേതരത്വ സിവില്‍ കോഡ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മോദി. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു സിവില്‍ കോഡ് എന്ന രീതിയിലേക്കാണ് രാജ്യം നീങ്ങുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുകയും ചെയ്യുന്ന അര്‍ബന്‍ നക്സലുകളെ തിരിച്ചറിയണമെന്ന് പ്രതിപക്ഷത്തെ ഉന്നമിട്ട് വിമര്‍ശനം.
എന്നാല്‍, ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസുകാരനായിരുന്ന പട്ടേലിന്‍റെ ജന്‍മദിനം ബിജെപി ആഘോഷിക്കുന്നതിലെ വൈരുധ്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ക്കുകയും ഭരണഘടനയെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ പട്ടേലിന്‍റെ പൈതൃകത്തിനായി ശ്രമിക്കുന്നുവെന്ന് ജയ്റാം രമേശ്. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം അനുസ്മരിക്കുന്ന ഇന്ന് ഏകതാദിനത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തി ഇന്ദിരയെ അവഗണിക്കുന്ന സമീപനത്തിലേക്ക് ബിജെപി നീങ്ങുന്നുവെന്ന രാഷ്ട്രീയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.