ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും രണ്ട് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ബാന്ദ്ര സ്വദേശിയായ അസം മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ ജീവനെടുക്കുമെന്നായിരുന്നു മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് യുവാവ് വിളിച്ച് പറഞ്ഞത്.
കഴിഞ്ഞയാഴ്ച നോയ്ഡ സ്വദേശിയായ ഗുര്‍ഫാന്‍ ഖാന്‍ എന്ന 20കാരനും സമാന ഭീഷണി മുഴക്കിയതിന് അറസ്റ്റിലായിരുന്നു. സല്‍മാനൊപ്പം ബാബ് സിദ്ദിഖിയുടെ മകനെ കൂടി വധിക്കുമെന്നും ഗുര്‍ഫാന്‍ ഭീഷണി മുഴക്കിയിരുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റായ ഗുര്‍ഫാന്‍ പണം ആവശ്യപ്പെട്ട് സന്ദേശമയയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഒക്ടോബര്‍ 12നാണ് സല്‍മാന്‍റെ അടുത്ത സുഹൃത്തായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ലോറന്‍സ് ബിഷ്ണോയ് സംഘമാണ് ബാബ സിദ്ദിഖിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഏപ്രിലില്‍ സല്‍മാന്‍റെ വസതിക്ക് പുറത്തുണ്ടായ വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തവും ബിഷ്ണോയ് ഏറ്റെടുത്തു.
ബിഷ്ണോയ് സംഘത്തിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ശുഭം രാമേശ്വര്‍ ലോങ്കറിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നുമായിരുന്നു സ്ഥിരീകരണമുണ്ടായത്. ദാവൂദ് ഇബ്രാഹിമുമായും സല്‍മാനുമായുള്ള ബന്ധമാണ് സിദ്ദിഖിയുടെ ജീവനെടുക്കാന്‍ കാരണമെന്നായിരുന്നു ഉള്ളടക്കം. തങ്ങള്‍ക്ക് ആരോടും ശത്രുതയില്ലെന്നും എന്നാല്‍ സല്‍മാനെയും ദാവൂദ് സംഘത്തെയും സഹായിക്കുന്നവര്‍ കരുതിയിരിക്കണമെന്നും ലോങ്കറിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സിദ്ദു മൂസെവാലയുടെ മരണവുമായി ബന്ധപ്പെട്ട് 2022ലാണ് ലോറന്‍സ് ബിഷ്ണോയുടെ പേര് ആദ്യം മാധ്യമങ്ങളില്‍ നിറഞ്ഞത്. പിന്നാലെ 1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാന്‍റെ ജീവനെടുക്കുമെന്ന് ബിഷ്ണോയ് പ്രഖ്യാപിക്കുകയായിരുന്നു. ബിഷ്ണോയ് സമുദായം പരിപാവനമായി കാണുന്ന മൃഗത്തെയാണ് സല്‍മാന്‍ വകവരുത്തിയതെന്നും ഇതിന് പകരം ചെയ്യുമെന്നുമായിരുന്നു ലോറന്‍സ് ബിഷ്ണോയുടെ വാദം. 2018 ല്‍ കോടതിയിലെത്തുമ്പോഴായിരുന്നു സല്‍മാനെ കൊല്ലുമെന്നും, കൊന്നതിന് ശേഷമേ എല്ലാവരും അറിയുകയുള്ളൂവെന്നും ലോറന്‍സ് ഭീഷണി ഉയര്‍ത്തിയിരുന്നു.