ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പില്‍ ഒരുകുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു . 40കാരായ ആകാശ് ശര്‍മ മരുമകന്‍ റിഷഭ് ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത് . പത്തുവയസുള്ള ക്രിഷ് ശര്‍മയ്ക്ക് മുന്നില്‍വച്ചാണ് പിതാവ് ആകാശിന് വെടിയേറ്റത് .
സ്കൂട്ടറിലെത്തിയ ആയുധധാരികളാണ് വെടിയുതിര്‍ത്തത് . കുടുംബം ദീപാവലി ആഘോഷിക്കുന്നിടത്തേയ്ക്ക് വന്ന അക്രമികള്‍ ആകാശിന്‍റെ കാല്‍തൊട്ട് വന്ദിച്ചശേഷമാണ് വെടി ഉതിര്‍ത്തത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദരയിലെ വീടിനു പുറത്തുവച്ച് പടക്കം പൊട്ടിച്ച് ആഘോഷം നടത്തുകയായിരുന്നു കുടുംബം. രാത്രി എട്ടുമണിയോടെയാണ് ഇവരുടെ വീടിനു മുന്‍വശത്തേക്ക് രണ്ടുപേര്‍ സ്കൂട്ടറില്‍ എത്തിയത്. ആകാശ് ശര്‍മയ്ക്കും റിഷഭ് ശര്‍മയ്ക്കുമൊപ്പം ആകാശിന്‍റെ മകന്‍ 10വയസുകാരന്‍ ക്രിഷ് ശര്‍മയുമുണ്ടായിരുന്നു. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ ക്രിഷിനും പരുക്കേറ്റു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചു.
മൂന്നുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആകാശിനെയും റിഷഭിനെയും രക്ഷിക്കാനായില്ല. ക്രിഷ് പരുക്കേറ്റ് ചികിത്സയിലാണ്. അക്രമികളെ കണ്ടാല്‍ അറിയാമെന്ന് ആകാശിന്‍റെ ഭാര്യ പൊലീസിനു മൊഴി നല്‍കി. ഭൂമിവിഷയത്തില്‍ ഇവരുമായി നീണ്ട നാളായി തര്‍ക്കമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമികള്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായി ഷഹ്‌ദര ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു.