അർബുദബാധിതനായ ബ്രിട്ടീഷ് രാജാവ് ചാൾസ് തുടർചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലെത്തി മടങ്ങി . രാജാവായതിനു ശേഷം ചാൾസിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം ബെംഗളുരുവിലെ സൗഖ്യ ഇന്‍റര്‍നാഷണല്‍ ഹോളിസ്റ്റിക് ആൻഡ് ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ സെന്‍ററിലേക്കായിരുന്നു. ഒക്ടോബര്‍ 25 ന് ബെംഗളുരുവിലത്തിയ രാജാവിനോപ്പം പത്നി കാമിലയും ഉണ്ടായിരുന്നു
അര്‍ബുദം സ്ഥിരീകരിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനം
11 ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് ചാള്‍സ് രാജാവ് ഇന്ത്യയിലുമെത്തിയത് . അര്‍ബുദം സ്ഥിരീകരിച്ചശേഷം അദ്ദേഹത്തിന്‍റെ ഏറ്റവും നീണ്ട വിദേശപര്യടനമായിരുന്നു ഇത് . ഓസ്ട്രേലിയയും സമോവയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബെംഗളുരുവിലേക്ക് വന്നത് . സൗഖ്യയില്‍ യോഗ,ധ്യാനം, ആയുർവേദ, ഹോമിയോപതി, പ്രകൃതി ചികിത്സകൾക്ക് പുറമെ സസ്യഭക്ഷണ വിഭവങ്ങളും പകര്‍ന്ന നവോൻമേഷത്തോടെയാണ് ഇരുവരും മടങ്ങിയത്.
സൗഖ്യ, ചാൾസിന്‍റെയും കാമിലയുടെയും ഇഷ്ടകേന്ദ്രം
ഇതാദ്യമായല്ല ചാൾസ് രാജാവും കാമില രാജ്ഞിയും സൗഖ്യയിൽ ആശ്വാസം തേടിയെത്തുന്നത്. രണ്ടുപതിറ്റാണ്ടായി ആരോഗ്യകാര്യങ്ങളില്‍ ചാള്‍സ് സൗഖ്യയില്‍ നിന്നുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും തേടുന്നുണ്ട് . സൗഖ്യ ഡയറക്ടര്‍ സുൽത്താൻ ബാത്തെരി സ്വദേശിയായ ഡോ.ഐസക്ക് മത്തായി ഇടയ്ക്കിടെ ലണ്ടന്‍ സന്ദര്‍ശിച്ച് ചാള്‍സിന്‍റെ ആരോഗ്യകാര്യങ്ങളില്‍ ഉപദേശം നല്‍കാറുമുണ്ട്. 2019 നവംബറില്‍ തന്‍റെ 71ാം ജന്മദിനാഘോഷവേളയിലാണ് ചാള്‍സ് ഇതിന് മുമ്പ് സൗഖ്യയിലെത്തിയത്. സൗഖ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമന്വയ ചികില്‍സയുടെ പ്രചാരകനായും ചാള്‍സ് രാജാവ് മാറിയിരുന്നു. ചാള്‍സ് രാജാവ് എത്തുന്നതിനും ഒരാഴ്ച മുമ്പ് കാമില സൗഖ്യയില്‍ എത്തിയിരുന്നു, 10 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. രാജ്ഞിയുടെ ഒൻപതാമത്തെ സന്ദര്‍ശനമായിരുന്നു ഇത്. 3 ദിവസമാണ് രാജാവ് സൗഖ്യയിൽ കഴിഞ്ഞത്. അടുത്ത ആഴ്ച ഡോക്ടർ ഐസക് തുടർ ചികിത്സയ്ക്കായി ലണ്ടനിലേക്ക് തിരിക്കും.
ഇടിയപ്പത്തിൽ മയങ്ങി ചാൾസ്
സൗഖ്യയിൽ ചികിത്സ സമയത്ത് സസ്യഹാരം മാത്രമാണ് അനുവദിക്കുക. കൂടെ പാലും മുട്ടയും പുറത്തു നിന്നുള്ളവർക്കായി നൽകും.ക്യാമ്പസിലെ തോട്ടത്തിൽ നിന്ന് പറിക്കുന്ന പൂർണ ജൈവ രീതിയിൽ വളർത്തിയ ഫലങ്ങളും പച്ചക്കറികളും എണ്ണയില്ലാതെ പാചകം ചെയ്താണ് നൽകുന്നത്.
ചാൾസ് രാജാവിന് ഒരു ദിവസത്തെ പ്രാതൽ ഇടിയപ്പവും മുട്ടകറിയുമായിരുന്നു. എരിവ് കുറച്ചു തേങ്ങാപ്പാൽ ചേർത്ത്തുള്ള കറിയും ഇടിയപ്പവും രാജാവിനു നന്നേ പിടിച്ചു. കൂടെയുള്ള സൗഖ്യ ഡയറക്ടർ ഡോക്ടർ ഐസക് നൂറനാലിനോട് വിഭവത്തെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. കേരള ഭക്ഷണമാണെന്നും കറിയുടെ മുഖ്യചേരുവ തേങ്ങാപാലാണെന്നും മനസിലായതോടെ രാജാവിനു അദ്ഭുതം. അടുത്ത ദിവസം ഉച്ചഭക്ഷണത്തിന് എത്തിയപ്പോൾ കഴിഞ്ഞ ദിവസം കഴിച്ച കറി കിട്ടുമോ എന്നായി അനേഷണം. 15 മിനിറ്റ് കാത്തിരുന്നു മുട്ടകറി കൂട്ടി ഭക്ഷണം കഴിച്ചാണ് ചാൾസ് രാജാവ് മടങ്ങിയത്. പിറകെ രാജാവിനെ അനുഗമിക്കുന്ന സംഘങ്ങളിൽ നിന്നും പുതിയ കറിയെ പറ്റി അന്വേഷണം വന്നു. അവർക്കും മുട്ടകറി ഉണ്ടാക്കി നൽകിയെന്നും ഡോക്ടർ പറയുന്നു.
സുരക്ഷ വലയത്തിൽ 7 ദിവസം ബെംഗളുരു
ചാള്‍സ് രാജാവിന്‍റെയും കാമലയുടെയും സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു ഒരാാഴ്ചയായി ബെംഗളുരു. സ്കോട്ലൻഡ് യാർഡും സെൻട്രൽ ഇന്‍റലിജൻസും കർണാടക പൊലീസും ചേർന്നുള്ള ത്രിതല സുരക്ഷ സംവിധാന്മാണ് രാജാവിനായി ഒരുക്കിയിരുന്നത്. ആശുപത്രിയുടെ പൂർണ നിയന്ത്രണം സ്കോട്‌ലാന്റ് യാർഡിനായിരുന്നു. പുറത്താണ് കേന്ദ്ര ഏജൻസികളും കർണാടക പൊലീസും സുരക്ഷാ വലയമൊരുക്കിയത്.