പശുവിനെ ട്രാക്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശിലെ കൈലാദേവി പ്രദേശത്താണ് ദാരുണസംഭവം നടന്നത്. പശുവിന്‍റെ കാലുകള്‍ കയറില്‍ കെട്ടി ട്രാക്ടറില്‍ ഘടിപ്പിച്ച് തറയിലൂടെ വലിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്.
സിംഗവലി പഞ്ചായത്ത് സെക്രട്ടറിയാണ് സംഭവം ശ്രദ്ധില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്. ഗ്രാമമുഖ്യ ഓംവതി, അവരുടെ ഭര്‍ത്താവ് രൂപ് കിഷോര്‍, പശുപരിപാലകന്‍ കാലു, ട്രാക്ടര്‍ ഡ്രൈവര്‍ നേം സിങ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഓഫീസര്‍ അനുജ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു.
തുടര്‍ന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ സംഭവത്തില്‍ അന്വേഷണം നടത്തി. രോഗം ബാധിച്ച പശുവിനെ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും അക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.