Image Credit: AI Generated Image

മാതാപിതാക്കള്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന് ഒടുവില്‍ അതിജീവനം. ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ ഓഗസ്ത് 26നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മരത്തിൽ കുടുങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ ശരീരത്തിൽ അൻപതോളം മുറിവുകളുണ്ടായിരുന്നു.  മുതുകിലായി മൃഗത്തിന്‍റെ കടിയേറ്റതിന് സമാനമായ മുറിപ്പാടുകളും കണ്ടെത്തി. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച മാതാപിതാക്കളെ കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ശരീരമാകെ പരുക്കേറ്റ കുഞ്ഞിനെ ആദ്യം ഹാമിർപൂരിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയെ ലാലാ ലജ്പത് റോയ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലായിരുന്നുവെന്നും പിന്നീട് രണ്ടുമാസം നീണ്ട ചികില്‍സയ്ക്കൊടുവിലാണ് കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ജന്മാഷ്ടമി ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിന് കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നത്. 

മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഒരു വലിയ മരത്തിൽ കുടുങ്ങിയതു കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ഡോ സഞ്ജയ് കല പറഞ്ഞു. ചികില്‍സയിലിരിക്കെ വേദന കൊണ്ട് കുഞ്ഞ് കരയുമ്പോള്‍ നഴ്‌സുമാർ ദൂരെ നിന്ന് താരാട്ടുപാട്ട് പാടുമായിരുന്നു. കുഞ്ഞിന്‍റെ ദേഹമാസകലം മുറിവായതിനാല്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. കുഞ്ഞിന്‍റെ കരച്ചില്‍ കാണുമ്പോള്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കണ്ണുകള്‍ നിറയുമായിരുന്നെന്നും ഡോ സഞ്ജയ് കല പറഞ്ഞു. അതേസമയം രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 24 ന് കുഞ്ഞിനെ പൊലീസിനും ശിശുക്ഷേമ സമിതി അംഗങ്ങൾക്കും കൈമാറി. 

ENGLISH SUMMARY:

Newborn Was Thrown Off Bridge By Parents, Survived 50 Wounds, Animal Bite