ഗംഗ ശുചീകരണ പദ്ധതിയായ നമാമി ഗംഗയുടെ ഭാഗമായി BSFഉം. 53 ദിവസം നീളുന്ന റിവർ റാഫ്റ്റിംഗിലൂടെ നദീ സംരക്ഷണ സന്ദേശം നൽകുകയാണ് 20 അംഗ വനിത BSF സംഘം. അഞ്ച് സംസ്ഥാനങ്ങളിലൂടെ ഒഴുകി നീങ്ങുന്ന ഗംഗക്ക് ഓരോ പ്രദേശത്തും ഓരോ സ്വഭാവം. ചിലയിടത്ത് ഓളം പോലുമില്ലാതെ. മറ്റൊരിടത്ത് ആർത്തട്ടഹസിച്ച്. ഇതിനെ എല്ലാം കീറി മുറിച്ചാണ് BSF വനിത സംഘം മുന്നേറുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു യാത്ര. 20 വനിത റാഫ്റ്റർമാർക്ക് പുറമെ 40 അംഗ ടീമുമുണ്ട് യാത്രക്ക് വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ. സബ് ഇൻസ്പെക്ടർ പ്രിയ മീണയാണ് ടീം ക്യാപ്റ്റൻ
ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്ന് ബംഗാളിലെ ഗംഗാസാഗറിലേക്കാണ് വനിതാ സംഘം മുന്നേറുന്നത്. 53 ദിവസമെടുത്ത് ഉത്തരാഖണ് ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിലൂടെ 2,325 കിലോമീറ്റർ നീണ്ട സഞ്ചാരം.
ഗംഗോത്രിയിൽ ബി എസ് എഫ് ഇൻസ്പെക്ടർ ജനറൽ രാജ ബാബു സിംഗ് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര സംഘത്തെ കേന്ദ്രമന്ത്രി സി ആർ പാട്ടീലും സഹമന്ത്രിമാരും ഹരിദ്വാറിൽ സ്വീകരിച്ചു.