കഴിഞ്ഞദിവസമാണ് ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ കൊലപ്പെടുത്തിയത്. ശരിക്കും ആരാണ് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍. എങ്ങനെ അവര്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളാകുന്നു. ഈ റിപ്പോര്‍ട്ട് കാണാം.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു സിവിലിയന്‍ സുരക്ഷാസംഘമാണ് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍. വര്‍ഷം 1995. കശ്മീര്‍ താഴ്‌വരയിലേതുപോലെ ജമ്മു മേഖലയിലും ഭീകരത തലപൊക്കിയതോടെ 10 ജില്ലകള്‍ കേന്ദ്രീകരിച്ച് വില്ലേജ് ഡിഫന്‍സ് കമ്മിറ്റികള്‍ക്കും ഗാര്‍ഡുകള്‍ക്കും രൂപം നല്‍കി. പൂഞ്ച്, രജൗറി, സാംബ, ദോഡ, കിഷ്ത്വാര്‍ എന്നീ ജില്ലകളില്‍ മാത്രമായി ഇന്നേതാണ്ട് ഇരുപതിനായിരത്തോളം വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളുണ്ട്.
സ്വയം സന്നദ്ധരായി വരുന്നവര്‍ക്ക് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും പരിശീലനം നല്‍കും. എസ്എല്‍ആര്‍ തോക്കുകളാണ് ഉപയോഗിക്കുന്നത്. നാലായിരം രൂപ മാസം പ്രതിഫലം. ഭീകരസാന്നിധ്യം കണ്ടെത്തുക, നിരന്തര നിരീക്ഷണം, വിവരശേഖരണം ആവശ്യമെങ്കില്‍ പ്രതിരോധം. പലപ്പോഴും സുരക്ഷാസേനയെത്തുന്നതിന് മുന്‍പ് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍ ഭീകരരെ നേരിടേണ്ടി വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഭൂപ്രദേശം നന്നായി അറിയാവുന്ന ഇവര്‍ക്ക് അവരുടെ ഗ്രാമങ്ങളിലെ ഓരോ നീക്കവും മനസ്സിലാക്കാനും ഭീകരപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും കഴിയും. ജനിച്ചുവളര്‍ന്ന നാട്ടില്‍ സ്വൈര്യജീവിതം തകര്‍ക്കാനെത്തുന്ന ഭീകരതയെ നേരിടാന്‍ ബിഎസ്എഫിന് പിന്നില്‍ രണ്ടാംനിരക്കാരാണ് എന്നും വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍.