ഉത്തര്‍പ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ മാറിനല്‍കിയെന്ന പരാതിയുമായി മാതാപിതാക്കള്‍. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ 10 നവജാതശിശുക്കള്‍ വെന്തുമരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് അവിനാശ് കുമാർ അറിയിച്ചു.
തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. തീ ആളിപ്പടര്‍ന്ന് എന്‍ഐസിയുവില്‍ പുക നിറഞ്ഞതോടെ ജനലുകള്‍ തകര്‍ത്താണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ മാറി നല്‍കിയെന്ന പരാതിയുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. തീപിടുത്തമുണ്ടായ സമയത്ത് അതിവേഗം കുട്ടികളെ അവിടെ നിന്ന് മാറ്റി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെ നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളില്‍ പലര്‍ക്കും നാല്‍പ്പത് ശതമാനത്തിലേറെ പൊളളലേറ്റിട്ടുണ്ട്. പലരും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നിലവില്‍ 37 കുട്ടികളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 10 കുട്ടികളെ സംഭവസ്ഥാലത്ത് നിന്നും മരിച്ച നിലയിലാണ് കണ്ടെത്തിയത്. പരുക്കേറ്റ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. സംഭവത്തെ കുറിച്ച് 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ത്സാൻസി ഡിവിഷണൽ കമ്മിഷണർ, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.