• ഇംഫാലില്‍ കര്‍ഫ്യൂ തുടരും
  • മണിപ്പുരില്‍ സ്കൂളുകള്‍ക്ക് അവധി
  • അയ്യായിരത്തോളം സൈനികരെ ഉടന്‍ വിന്യസിക്കും

മണിപ്പുര്‍ കലാപം നേരിടാന്‍ സര്‍വസജ്ജമായി കേന്ദ്രസേന. കേന്ദ്രസേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 50 കമ്പനി ജവാന്‍മാര്‍ കൂടി മണിപ്പുരിലേക്ക് പുറപ്പെടും. അയ്യായിരത്തോളം വരുന്ന ജവാന്‍മരുടെ വിന്യാസം ഉടനുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. അതിനിടെ ജിരിബാമിൽ പ്രതിഷേധിച്ച ഒരു യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. 

ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അമിത് ഷായുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. പത്തുദിവസമായി തുടരുന്ന കലാപം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഛത്തിസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായ സിആര്‍പിഎഫ് ജവാന്‍മാരെ മണിപ്പുരിലേക്ക്‌ അയക്കും. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് ജിരിബാമിലെ യുവാവ് കൊല്ലപ്പെട്ടത്. 

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ മണിപ്പുരില്‍ തുടരുകയാണ്. കരസേനയില്‍നിന്ന് ലഫ് ജനറല്‍ എസ്.പെന്ദാര്‍ക്കര്‍ കലാപകേന്ദ്രമായ ജിരിബാമിലെത്തും. ബിഎസ്എഫിന്‍റെ കൂടുതല്‍ ബറ്റാലിയനുകളെയും സംസ്ഥാനത്ത് വിന്യസിക്കും. ഭരണഘടനയുടെ 355 ആം വകുപ്പു പ്രകാരം സംസ്ഥാനത്തെ ക്രമസമാധാനപാലത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. അതേസമയം, ജിരിബാമില്‍ മെയ്തെയ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി വധിച്ചതും കുക്കി സായുധ സേനാഗംങ്ങളെ സിആര്‍പിഎഫ് വധിച്ചതും എന്‍ഐഎ അന്വേഷിക്കും. ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് വൈകിട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചു. 

ENGLISH SUMMARY:

The Centre will send 50 more CAPF companies to Manipur this week. This comes after the Ministry of Home Affairs (MHA) deployed 20 additional CAPF companies—15 from the CRPF and 5 from the BSF—to the state following an order issued on November 12, after violence broke out in Jiribam district and spread to other areas