റാഗിങ്ങിനെ തുടര്‍ന്ന് ഗുജറാത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ഗുജറാത്തിലെ പടാന്‍ ജില്ലയിലാണ് സംഭവം. റാഗിങ്ങിന് ഇടയില്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തിയതിനെ തുടര്‍ന്നാണ് മരണം എന്നാണ് സൂചന. ശനിയാഴ്ചയാണ് സംഭവം.
പതിനെട്ട് വയസുകാരനായ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി അനില്‍ മെഥനിയ ആണ് മരിച്ചത്. പടാനിയിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദ്യാര്‍ഥിയായിരുന്നു അനില്‍. അനില്‍ കുഴഞ്ഞു വീണു എന്നായിരുന്നു വിദ്യാര്‍ഥിയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ കോളജിലെത്തിയപ്പോള്‍ അനില്‍ മരിച്ചു എന്ന് പറയുകയായിരുന്നു. അനലിന്‍റെ മരണത്തില്‍ അന്വേഷണം വേണം എന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച കോളജ് ഹോസ്റ്റലില്‍ വെച്ച് പത്തിലധികം വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമായിരുന്നു. മൂന്ന് മണിക്കൂറിലധികം നിന്നതിന് ശേഷം വിദ്യാര്‍ഥികളോട് സ്വയം പരിചയപ്പെടുത്താന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. ഹോസ്റ്റലില്‍ വെച്ച് കുഴഞ്ഞ വീണ അനിലിനെ വിദ്യാര്‍ഥികള്‍ ധാര്‍പൂര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയതായി. ഇവിടെ വെച്ച് അനില്‍ മരിക്കുകയായിരുന്നു എന്ന് കോളജ് അധികൃതര്‍ പറയുന്നു.
കോളജിലെ റാഗിങ് വിരുദ്ധ സമിതി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബാലിസാന പൊലീസ് സ്റ്റേഷനില്‍ അപകടമരണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പടാന്‍ എസ്പി ഡോ രവീന്ദ്ര പട്ടേല്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കാന്‍ കോളജിലെ റാഗിങ് വിരുദ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.