കുക്കി സായുധ സംഘങ്ങളെ ഒരാഴ്ചയ്ക്കകം അടിച്ചമർത്തണമെന്ന NDA എംഎൽഎമാരുടെ യോഗ തീരുമാനത്തെച്ചൊല്ലി ആശങ്ക. പ്രതിരോധിക്കുമെന്ന് കുക്കി ഗ്രൂപ്പുകളും പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ സ്ഥിതി സ്ഫോടനാത്മകമായി തന്നെ തുടരുന്നു. സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 കുക്കി സായുധസംഘാംഗങ്ങളുടെ മൃതദേഹവുമായി ചുരാചന്ദ്പൂരിൽ വലിയ പ്രതിഷേധ റാലി പുരോഗമിക്കുകയാണ്.
ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി എൻ.ബീരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിലാണ് കുക്കി സായുധ സംഘങ്ങളെ ഒരാഴ്ചയ്ക്കകം അടിച്ചമർത്തണമെന്ന ആവശ്യമുയർന്നത്. നിരോധിത സംഘടനയായി പ്രഖ്യാപിച്ച് പ്രവർത്തനം അവസാനിപ്പിക്കണമെന്ന പ്രമേയവും പാസാക്കി. ഇരുവിഭാഗങ്ങൾ തമ്മിലടിക്കുന്ന മണിപ്പുരിൽ സർക്കാർ ഒരു പക്ഷത്തോടൊപ്പമെന്ന വിമർശനം ഇതോടെ വീണ്ടുമുർന്നു. പരിധിവിട്ട നടപടികളിലേക്ക് സായുധസേനകൾ കടന്നാൽ പ്രതിരോധിക്കുമെന്ന് കുക്കികളുടെ സായുധ ഗ്രൂപ്പുകളും വ്യക്തമാക്കി. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുക്കാതെ മണിപ്പുരിൽ സമാധാന സാധ്യമാകില്ല എന്ന് ഉറപ്പായിരിക്കെയാണ് മണിപ്പുരിൽ ഭരണകക്ഷിയുടെ ഏകപക്ഷീയമായ തീരുമാനം. 60 എംഎൽഎമാരുള്ള മണിപ്പൂർ നിയമസഭയിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഭരണകക്ഷിയിൽ അംഗങ്ങൾ പോലും എത്തിയില്ലെന്ന് കോൺഗ്രസ് വിമർശനം ഉന്നയിച്ചു.