ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ. സഞ്ജയ് മൂര്‍ത്തിയെ പുതിയ സിഎജി (കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍) ആയി രാഷ്ട്രപതി നിയമിച്ചു. 1989 ബാച്ച് ആന്ധ്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൂര്‍ത്തി ഗിരിഷ് ചന്ദ്ര മുര്‍മു സ്ഥാനമൊഴിയുന്നതോടെയാണ് സിഎജി ആയി ചുമതലയേല്‍ക്കുക. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മൂര്‍ത്തിയുടെ കാലാവധി 2024 ഡിസംബര്‍ 31വരെയായിരുന്നു.
എഞ്ചിനീയറിങ് ബിരുദധാരിയായ സഞ്ജയ് മൂര്‍ത്തി മിതഭാഷിയെങ്കിലും നവീനമായ ആശയങ്ങളിലൂടെയും കാര്യക്ഷമമായ ഇടപെടലുകളിലൂടെയും എന്‍ടിഎ തലപ്പത്തടക്കം ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ദേശീയ വ്യവസായ ഇടനാഴി പ്രൊജക്ട് എംഡിയായും ഐ&ബി സെക്രട്ടറിയായും, കേന്ദ്ര നഗര ഭവനകാര്യ സെക്രട്ടറിയായുമെല്ലാം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2020 ഓഗസ്റ്റ് എട്ടിനാണ് നിലവിലെ സിഎജി ആയ ഗിരിഷ് ചന്ദ്ര മുര്‍മു നിയമിതനായത്. നവംബര്‍ 20 ന് ഇദ്ദേഹത്തിന്‍റെ കാലാവധി പൂര്‍ത്തിയാകും. ജമ്മുകശ്മീരിന്‍റെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായിരുന്നു മുര്‍മു.