ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107–ാം ജന്മവാര്‍ഷികമാണിന്ന്. രാജ്യത്തിന്‍റെ ഗതി മാറ്റിയ ശക്തമായ തീരുമാനങ്ങളെടുത്ത ഇന്ദിര എന്നും കരുത്തിന്‍റെ പ്രതീകമാണ്. ഇന്ദിരയുടെ ഓര്‍മയില്‍ രാജ്യം ഇന്ന് ദേശിയോദ്ഗ്രഥന ദിനം ആചരിക്കുന്നു.
ഇന്ത്യ എന്നാല്‍ ഇന്ദിര, ആ വിശേഷണം ഒരു മറുപടിയായിരുന്നു. ചരിത്രം തിരുത്തി ഒരു വനിത പ്രധാനമന്ത്രിയായപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കുള്ള മറുപടി. സമാനതകളില്ലാത്ത വ്യക്തി പ്രഭാവം, ധീരമായ തീരുമാനങ്ങളെടുക്കാനും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനുമുള്ള കരുത്ത്. ഏതു വീഴ്ചയിലും തിരിച്ചെത്തുന്ന അടങ്ങാത്ത പോരാട്ടവീര്യം... ലോകം ഇന്ദിരയെ ഉരുക്കുവനിതയെന്നു വിളിച്ചു.
ഹരിത വിപ്ലവം, ബാങ്ക് ദേശസാത്കരണം, ധവള വിപ്ലവം, ആണവ പരീക്ഷണം.. അങ്ങനെ ഇന്ദിരയുടെ ഭരണകാലത്ത് ദക്ഷിണേഷ്യയിലെ പ്രധാന ശക്തിയായി വളര്‍ന്നു ഇന്ത്യ. പക്ഷേ അടിയന്തരാവസ്ഥ രാജ്യത്തിന് ജനാധിപത്യ ധ്വംസനത്തിന്‍റെ കറുത്ത ദിനങ്ങളായപ്പോള്‍ ഇന്ദിരയുടെ രാഷ്ട്രീയ ജീവിത്തത്തില്‍ എക്കാലവും മായ്ക്കാനാകത്ത കറുത്ത പാടുമായി. സ്വേച്ഛാധിപതിയെന്നും ദയയില്ലാത്തവള്‍ എന്നും ഇന്ദിര പഴികേട്ടു. 1977 ലെ പരാജയത്തോടെ ഇന്ദിരയ്ക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് വിമര്‍ശകര്‍ വിധിയെഴുതി, പക്ഷേ പൂര്‍വാധികം ശക്തിയോടെ മൂന്നുവര്‍ഷത്തിനകം അവര്‍ പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ പ്രതികാരം അംഗരക്ഷകന്‍റെ രൂപത്തില്‍ മരണമായി എത്തുംവരെ ഇന്ദിര രാജ്യത്തെ നയിച്ചു, ഇന്നും ഇന്ദിര ഇച്ഛാശക്തിയുടെ പ്രതീകമാവുന്നു.