നൂറിലേറെ യാത്രക്കാരെ നാലുദിവസമായി തായ്‍ലന്‍ഡിലെ ഫുക്കെറ്റില്‍ കുടുക്കി എയര്‍ ഇന്ത്യ. ശനിയാഴ്ചത്തെ ഡല്‍ഹി വിമാനത്തില്‍ ബുക്ക് ചെയ്ത യാത്രക്കാരാണ് സാങ്കേതിക തകരാറുകാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആറുമണിക്കൂറിനകം പ്രശ്നം പരിഹരിക്കുമെന്നാണ് എയര്‍ ഇന്ത്യ ആദ്യം അറിയിച്ചത്. എന്നാല്‍ നാലുദിവസമായിട്ടും വിമാനം ഫുക്കെറ്റില്‍ത്തന്നെ! ക്ഷമ നശിച്ച യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ വിമാനക്കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തുന്നത്.
ശനിയാഴ്ച രാത്രി വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് തകരാറിന്‍റെ വിവരം പുറത്തുവിട്ടത്. ആദ്യം യാത്രക്കാരെ വിമാനത്തില്‍ കയറ്റി. ഒരുമണിക്കൂര്‍ കഴിഞ്ഞ് എല്ലാവരെയും ഇറക്കി. കുറച്ചുസമയം കഴിഞ്ഞ് വിമാനം റദ്ദാക്കിയതായി അറിയിപ്പുവന്നു. ഡ്യൂട്ടിസമയം കഴിഞ്ഞു എന്നതായിരുന്നു കാരണം. പിറ്റേന്ന് ഇതേ വിമാനത്തില്‍ വീണ്ടും യാത്രക്കാരെ കയറ്റി. യാത്ര പുറപ്പെട്ട് കുറച്ചുസമയം കഴിഞ്ഞ് സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി ഫുക്കെറ്റില്‍ തിരിച്ചിറക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യയുടെ കുറിപ്പും വന്നു.
ALSO READ; ഡ്യൂട്ടിസമയം കഴിഞ്ഞു, പൈലറ്റ് ഇറങ്ങിപ്പോയി; വിമാനയാത്രക്കാര്‍ കുടുങ്ങി
‘പ്രശ്നം പരിഹരിക്കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ കഠിന ശ്രമത്തിലാണ്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. താമസിക്കാന്‍ ഹോട്ടലും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രധാന്യം...’ ഇതായിരുന്നു അറിയിപ്പ്. ചില യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ കയറ്റി അയച്ചു. ടിക്കറ്റ് റീഫണ്ട് അല്ലെങ്കില്‍ കോംപ്ലിമെന്‍ററി ടിക്കറ്റ് എന്നതാണ് ഒപ്ഷന്‍. ഇനി 40 യാത്രക്കാര്‍ ഫുക്കെറ്റിലുണ്ടെന്നും എയര്‍ ഇന്ത്യ പറയുന്നു.
ഫുക്കെറ്റ് സംഭവത്തില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് പാരിസ്– ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ ഇറക്കിയശേഷം പൈലറ്റുമാര്‍ സ്ഥലംവിട്ടത്. ഡ്യൂട്ടി കഴിഞ്ഞു എന്നാണ് കാരണം പറഞ്ഞത്. പകരം വിമാനം ഷെഡ്യൂള്‍ ചെയ്യാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ ബസ്സിലാണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്.