ബിഹാറില്‍ മദ്യപിച്ച് സ്കൂളിലേക്ക് പോവുകയായിരുന്ന പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. നളന്ദ ജില്ലയിലെ ഗുൽനി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നാഗേന്ദ്ര പ്രസാദ്, കരാർ അധ്യാപകൻ സുബോദ് കുമാർ എന്നിവരാണ് പിടിയിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. നാട്ടുകാരോട് ഇവര്‍ മോശമായി പെരുമാറിയതോടെ രംഗം വഷളായി. ഇതേതുടർന്നാണ് നാട്ടുകാർ പൊലീസിനെ വിളിച്ചത്.
മദ്യലഹരിയിൽ ഇരുവരും നാട്ടുകാരോടും വിദ്യാർഥികളോടും സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നടക്കാനാകാതെ റോഡിൽ വീഴുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. സ്ഥലത്തെത്തിയ പൊലീസുകാര്‍ അധ്യാപകനെ വലിച്ചിഴച്ച് വാനിലേക്ക് കയറ്റാൻ തുടങ്ങിയതോടെ നാട്ടുകാർ വീണ്ടും ഇടപെട്ടു. Also Read: പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ തുടര്‍ച്ചയായി അടിച്ചു നിലത്തിട്ട് ചവിട്ടി...
അറസ്റ്റുചെയ്യാൻ എത്തിയ പൊലീസുകാരില്‍ ഒരാള്‍ മദ്യപിച്ചാണെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഈ പൊലീസുകാരനെ അധികൃതർ തിരിച്ചയച്ചു. മദ്യപിച്ചത് സ്ഥിരീകരിച്ചതോടെ പ്രിന്‍സിപ്പലിനേയും അധ്യാപകനേയും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.