പ്രിയങ്ക ഗാന്ധി കൂടി ലോക്സഭയിലെത്തുന്നത് നെഹ്റു കുടുംബത്തിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തില്‍ പുതുചരിത്രം കുറിക്കും. ഇതാദ്യമായാണ് കുടുംബത്തിലെ മൂന്നംഗങ്ങള്‍ ഒരേ സമയം പാര്‍ലമെന്‍റംഗങ്ങളാവുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവു കൂടിയായ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തിന് കരുത്തേറ്റും പ്രിയങ്കയുടെ സാന്നിധ്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം.
അച്ഛന്‍റെയും അമ്മയുടെയും സഹോദരന്‍റെയും സത്യപ്രതിജ്ഞയ്ക്ക് ഗാലറിയിലിരുന്ന് സാക്ഷ്യം വഹിച്ച പ്രിയങ്ക ഗാന്ധി, ഇനി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആകും സത്യപ്രതിജ്ഞ. അമ്മ സോണിയാഗാന്ധി രാജ്യസഭയിലാണെങ്കില്‍ ലോക്സഭയിൽ സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പമാകും പ്രിയങ്ക ഗാന്ധിയുടെ വരവ്. രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ രാഹുൽ ഗാന്ധിയേക്കാൾ ബിജെപി ഭയക്കുന്നത് പ്രിയങ്കയെയാണ്. കുറഞ്ഞ വാക്കുകളിലെ പ്രിയങ്കയുടെ കടന്നാക്രമണം ബിജെപിയെ പല തവണപ്രതിരോധത്തിൽ ആക്കിയതാണ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കരുത്തുവര്‍ധിപ്പിച്ച കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സഭാതലത്തില്‍ യുദ്ധമുഖം തുറന്നിരിക്കുന്ന ഘട്ടത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി വയനാടിനായി എത്ര ശബ്ദമുയര്‍ത്തും എന്നതും പ്രധാനം