ഇന്ത്യന്‍ സൈന്യത്തിലെ വനിത ഓഫീസര്‍മാര്‍ക്കെതിരെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ആര്‍മി ജനറലിന്‍റെ കത്ത്. സൈനിക യൂണിറ്റുകളെ നയിക്കുന്ന വനിത കമാന്‍ഡിങ് ഓഫീസര്‍മാരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യം എടുത്ത് പറഞ്ഞുള്ള കത്ത് വിവാദമായി. കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് പുരിയാണ് തന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രാം ചന്ദര്‍ തിവാരിക്ക് കത്ത് എഴുതിയത്. അഞ്ച് പേജുള്ള കത്തില്‍ ഓപ്പറേഷന്‍ യൂണിറ്റുകളിലെ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പനാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്ട്രൈക്ക് കോര്‍പ്സ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് ഒക്ടോബര്‍ ഒന്നിന് കത്ത് അയച്ചിരിക്കുന്നത്. ബ്രഹ്‌മാസ്ത്ര കോര്‍പ്‌സിലെ എട്ട് വനിതാ കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ നേതൃപാടവം വിശകലനം ചെയ്തുള്ളതായിരുന്നു അന്വേഷണം. യൂണിറ്റുകളില്‍ പലതിലും കാര്യക്ഷമാമായി വനിത ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പരസ്പര ബഹുമാനത്തോടെയുള്ള പ്രശ്‌ന പരിഹാരത്തേക്കാള്‍ ബലപ്രയോഗത്തിലേക്കും സംഘര്‍ഷത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതിലാണ് പലര്‍ക്കും താല്‍പര്യം . കീഴുദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ വനിത ഓഫീസര്‍മാര്‍ മുന്‍വിധിയും അവിശ്വാസവും പ്രകടിപ്പിക്കുന്നു. കീഴുദ്യോഗസ്ഥര്‍ ചെയ്യുന്ന ജോലിയുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന പ്രവണതയുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
Also Read; ഗൗതം അദാനിക്കും സാഗറിനുമെതിരെ കൈക്കൂലിക്കുറ്റമില്ല; വിശദീകരണവുമായി അദാനി ഗ്രൂപ്പ്
2023ലാണ് ഇന്ത്യന്‍ ആര്‍മിയുടെ നേതൃസ്ഥാനങ്ങളിലേക്ക് വനിതകളെ നിയമിച്ച് ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ടത്. സുപ്രീം കോടതി വിധിയെത്തുടര്‍ന്നായിരുന്നു നീക്കം. അതുവരെ സൈനീക ആശുപത്രികളിലും അനുബന്ധ വിങുകളിലും സേവനം അനുഷ്ഠിച്ചിരുന്നവരായിരുന്നു വനിതകള്‍. ഇന്ത്യ-ചൈന അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായക സ്ഥാനമുള്ള നോര്‍ത്തേണ്‍, ഈസ്റ്റേണ്‍ കമാന്‍ഡുകളില്‍ വലിയ ഉത്തരവാദിത്തമുള്ള പോസ്റ്റുകളില്‍ വരെ പല വനിത ഓഫീസര്‍മാരും നിയമിതരായിരുന്നു.