അദാനിയിൽ തട്ടി പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ചോദ്യോത്തരവേള പൂർത്തിയാക്കാൻ അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചില്ല. ചര്‍ച്ചയെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യ സഖ്യ യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു നിന്നു.
ലോക്സഭയും രാജ്യസഭയും ചേര്‍ന്നയുടന്‍ അദാനിക്കെതിരായ ആരോപണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു. ചോദ്യോത്തര വേള പൂര്‍ത്തിയായ ശേഷം മറ്റ് വിഷയങ്ങള്‍ പരിഗണിക്കാമെന്ന് സഭാ അധ്യക്ഷന്‍മാര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതോടെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. കോടികളുടെ സാമ്പത്തിക ക്രമക്കേടിന് യു.എസ്.കോടതി കേസെടുത്ത അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റ് ചേരുന്നതിന് മുന്‍പ് ഇന്ത്യ മുന്നണി യോഗം ചേര്‍ന്നിരുന്നുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല. അദാനി വിഷയത്തില്‍ കോൺഗ്രസ് ഏകപക്ഷീയമായി ജെപിസി അന്വേഷണം ആവശ്യപ്പെട്ടതും ഉപതിരഞ്ഞെടുപ്പുകളിൽ സഖ്യത്തിന് തയാറാകാതിരുന്നതും ആണ് തൃണമൂലിന്‍റെ അതൃപ്തിക്ക് കാരണം. അതേസമയം സമൂഹമാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം ശക്തിപ്പെടുത്തേണ്ട് വരുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശവിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കുന്ന പോയന്‍റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് വ്യോമയാനമന്ത്രി രാജ്യസഭയെ അറിയിച്ചു.