സംഭൽ സംഘർഷ മേഖല സന്ദര്‍ശിക്കാന്‍ ഡൽഹിയിൽ നിന്ന് പുറപ്പെട്ട ലീഗ് എംപിമാരുടെ സംഘത്തെ തടഞ്ഞ് യുപി പോലീസ്. പുറത്തുനിന്നുള്ള വരെ കടത്തിവിടാനാകില്ലെന്ന് വിശദീകരണം.യുപി സർക്കാർ ഇരകൾക്ക് നിയമസഹായവും സാന്ത്വനവും നിഷേധിക്കുകയാണെന്ന് എം പി മാർ ആരോപിച്ചു. അതേസമയം സംഘർഷ കേസിൽ സമാജ്വാദി പാർട്ടി എംപി സിയ ഉർ റഹ്മാന് യു പി പൊലീസ് നോട്ടീസ് നൽകി.
അഞ്ചു പേർ കൊല്ലപ്പെട്ട സംഭൽ സംഘർഷത്തിന്‍റെ ഇരകളെ സന്ദർശിക്കാന്‍ ഡൽഹിയിൽ നിന്ന് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരായ ET മുഹമ്മദ് ബഷീർ ഹാരിസ് ബീരാൻ, അബ്ദുൾ വഹാബ്,അബ്ദുൾ സമദ് സമദാനി,നവാസ്കനി എന്നിവരെ അതിർത്തിയായ ഗാസിയാബാദിൽ തന്നെ യുപി പൊലീസ് തടഞ്ഞു. ഈ മാസം 30 വരെ പുറത്തുനിന്നുള്ള വരെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന ഉത്തരവ് ഉണ്ടെന്നായിരുന്നു പോലീസിന്റെ വിശദീകരണം. അഞ്ചുപേർ മാത്രമാണ് സംഘത്തിലുള്ളത് എന്നും ഇരകൾക്ക് നിയമസഹായവും സാന്ത്വനവും നൽകുകയാണ് ഉദ്ദേശം എന്നും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.പോലീസുമായുള്ള ഏറെ നേരത്തെ വാഗ്വാദത്തിനൊടുവിൽ എംപിമാർ ഡൽഹിയിലേക്ക് മടങ്ങി.
സംഘർഷ കേസിൽ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുപി പോലീസ്. 24 മണിക്കൂറിനിടെ 27 പേരെ കൂടി അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 100 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരിൽ നിന്ന് പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കുമെന്നും ഇവരുടെ ചിത്രങ്ങൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കും എന്നും പോലീസ് അറിയിച്ചു. സത്യം മറച്ചുവെക്കാനാണ് പോലീസ് FIR ൽ പേര് ഉൾപ്പെടുത്തി നോട്ടീസ് നൽകിയിട്ടുള്ളതെന്ന് സമാജ്വാദി പാർട്ടി എംപി സിയ ഉർ റഹ്മാന് പ്രതികരിച്ചു. ഞായറാഴ്ച സംഭലിലെ ഷാഹി ജുമാ മസ്ജിദിൽ കോടതി നിർദ്ദേശപ്രകാരം നടത്തിയ സർവ്വേയ്ക്കെതിരെ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്'.