ദീര്‍ഘദൂര യാത്രകളില്‍ പലപ്പോഴും മനസില്‍ തോന്നുന്ന ഒരു ചോദ്യമാണ് ട്രെയിനില്‍ കിട്ടുന്ന കമ്പിളി പുതപ്പുകളൊക്കെ കഴുകാറുണ്ടോ എന്നത്. ഓരോ യാത്രയ്ക്ക് ശേഷവും കഴുകാറുണ്ടോ എന്ന് ആശങ്കപ്പെടുന്നവരെയും കണ്ടിട്ടുണ്ട്. ഈ ചോദ്യത്തിനിതാ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കോണ്‍ഗ്രസ് എംപി കുല്‍ദീപ് ഇന്‍ഡോറയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.
‘മാസത്തിലൊരിക്കല്‍’ എന്നാണ് മന്ത്രി മറുപടി നല്‍കിയത്. ട്രെയിനിലെ ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിക്കവേയാണ് മന്ത്രി സത്യം തുറന്നുപറഞ്ഞത്. ഈ ഒരുമാസത്തിനിടെ ആ ബ്ലാങ്കറ്റ് എത്ര പേര്‍ ഉപയോഗിക്കുമെന്നാലോചിച്ച് കണ്ണുംതള്ളി ഇരിക്കുകയാണ് യാത്രക്കാര്‍.
ഒരു പുതപ്പു കൂടി അധികം ബെഡ്റോള്‍ കിറ്റില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ട്രെയിനില്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ ഭാരം കുറഞ്ഞതും കഴുകാന്‍ എളുപ്പമുള്ളതുമാണെന്ന് മന്ത്രി പറഞ്ഞു. പുതിയ ലിനൻ സെറ്റുകൾ, ശുചിത്വം ഉറപ്പാക്കാൻ യന്ത്രവത്കൃത അലക്കുശാലകൾ, കഴുകുന്നതിനുള്ള നിർദ്ദിഷ്ട രാസവസ്തുക്കൾ എന്നിവ ഉള്‍പ്പെടെ റെയില്‍വെ ഉറപ്പാക്കുന്നുണ്ട്.
കഴുകിയ തുണികളുടെ ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്. അതിനായി വൈറ്റോ മീറ്ററുകള്‍ ഉപയോഗിക്കുന്നു. സോണൽ ആസ്ഥാനത്തും ഡിവിഷണൽ തലങ്ങളിലുമുള്ള വാർ റൂമുകൾ ട്രെയിനിലെ ശുചിത്വവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് പരിഹാരം കാണാനുള്ള മാര്‍ഗമാണെന്നും മന്ത്രി പറയുന്നു. സ്റ്റേഷനുകളിലും ട്രെയിനുകളിലും പുതപ്പുകൾ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും കയറ്റുന്നതിനും ഇറക്കുന്നതിനും മെച്ചപ്പെട്ട സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നതെന്നും മന്തി പറഞ്ഞു.