മഹാരാഷ്ട്രയില്‍ ശിവസേനയുടെ സമ്മര്‍ദ നീക്കം നിലനില്‍ക്കേ മന്ത്രിസഭാ രൂപീകരണ പ്രതിസന്ധി തുടരുന്നു. ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട ഏക്‌നാഥ് ഷിന്‍ഡെ ഇനിയും തുടര്‍ ചര്‍ച്ചകളുടെ ഭാഗമായിട്ടില്ല. രാജ്‌നാഥ് സിങ്ങിന്‍റെ സാന്നിധ്യത്തില്‍ മറ്റന്നാള്‍ ബിജെപിയുടെ നിയമസഭാ കക്ഷി യോഗം മുംബൈയില്‍ ചേരും.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുംബൈ ആസാദ് മൈതാനത്ത് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു രണ്ടുദിവസം മുമ്പ് ബി.ജെ.പിയുടെ ഔദ്യോഗിക പ്രഖ്യാപനം . പക്ഷേ മുഖ്യമന്ത്രി ആരെന്ന് മാത്രം ഇതുവരെ തീരുമാനമായില്ല. കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സത്താറയില്‍ നിന്ന് കഴിഞ്ഞദിവസമാണ് മുംബൈയിലെത്തിയത്. ആഭ്യന്തരവും നഗരവികസനവും സ്പീക്കര്‍ സ്ഥാനവും വേണമെന്ന ആവശ്യത്തില്‍ നിന്ന് ശിവസേന പിന്നോട്ടുപോയിട്ടില്ല. ഉപമുഖ്യമന്ത്രിയായി ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയുടെ പേരും കേള്‍ക്കുന്നു.
Also Read; 'മാഡം തിരക്കിലാണ്'; സോണിയക്കായി കാത്തിരുന്നത് ഒരു മണിക്കൂര്‍; ദുരനുഭവം പങ്കുവെച്ച് നജ്മ ഹെപ്തുല്ല
ബിജെപി ഏറെക്കുറെ ഉറപ്പിച്ച ദേവേന്ദ്ര ഫഡ്‍നാവിസിന്‍റെ പേര് മാറ്റാനും സമ്മര്‍ദമുണ്ട്. അങ്ങനെയാണ് കേന്ദ്രസഹമന്ത്രിയും പുണെ എം.പിയുമായ മുരളീധര്‍ മഹോളിന്‍റെയും മുന്‍ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്‍റെയും പേര് ഉയര്‍ന്നുവരുന്നത്. ഷിന്‍ഡെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നതോടെ ഇന്നത്തെ മഹായുതി നേതാക്കളുടെ യോഗം മാറ്റി.
നാളെ രാജ്‍നാഥ് സിങും ഭൂപേന്ദ്ര യാദവും കേന്ദ്ര നിരീക്ഷകരായി എത്തിയ ശേഷമേ ചര്‍ച്ചകള്‍ പുനരാരംഭിക്കൂ. ഇരുവരുടെയും സാന്നിധ്യത്തിലാകും മറ്റന്നാള്‍ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരുക. അതേസമയം, വലിയ ഭൂരിപക്ഷ കിട്ടിയിട്ടും മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.