സോണിയ ഗാന്ധിയില്‍ നിന്നുണ്ടായ ദുരനുഭവം ആത്മകഥയില്‍ പങ്കുവെച്ച് മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്ന നജ്മ ഹെപ്തുല്ല. 1999-ല്‍ ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് ശേഷം അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയയെ സന്തോഷം പങ്കുവെക്കാന്‍ വിളിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് നജ്മ പങ്കുവെച്ചത്. ബെര്‍ലിനില്‍ നിന്നും വിളിച്ചിട്ടും ഒരു മണിക്കൂര്‍ സംസാരിക്കാതെ ലൈനില്‍ നിര്‍ത്തിയെന്നും തിരക്കാണെന്നാണ് ജോലിക്കാര്‍ പറഞ്ഞതെന്നുമാണ് നജ്മ തന്‍റെ ആത്മകഥയിലൂടെ വ്യക്തമാക്കുന്നത്. ഇന്‍ പര്‍സ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാര്‍ട്ടി ലൈന്‍സ്' എന്ന ആത്മകഥയിലാണ് നജ്മ സംഭവം പരാമര്‍ശിച്ചത്.
'ബെർലിനിൽ നിന്ന് ആദ്യം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ ഫോണിൽ വിളിച്ചു, അദ്ദേഹത്തെ തൽക്ഷണം ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചു.വാർത്ത കേട്ടപ്പോൾ അദ്ദേഹം സന്തോഷമറിയിച്ചു. ആദ്യം ഈ ബഹുമതി ഇന്ത്യയിലേക്കാണ് വന്നത്, രണ്ടാമതായി അത് ഒരു ഇന്ത്യൻ മുസ്‍ലിം സ്ത്രീക്ക് വന്നതാണ്, നിങ്ങൾ വേഗം മടങ്ങിവരൂ, നമുക്ക് ഇത് ആഘോഷിക്കാം' എന്ന് അദ്ദേഹം പറഞ്ഞു.
'ശേഷം കോൺഗ്രസ് പാർട്ടി അധ്യക്ഷയും എൻ്റെ നേതാവുമായ സോണിയാ ഗാന്ധിയെ വിളിച്ചപ്പോൾ, അവരുടെ ഒരു സ്റ്റാഫ് ആദ്യം പറഞ്ഞത്, 'മാഡം തിരക്കിലാണ്' എന്നാണ്. ഞാൻ ബെർലിനിൽ നിന്നാണ് വിളിക്കുന്നത്, ഒരു അന്താരാഷ്ട്ര കോളാണെന്ന് ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ, 'പ്ലീസ് ഹോൾഡ് ദി ലൈൻ' എന്ന് പറഞ്ഞു. ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും സോണിയ എന്നോട് സംസാരിക്കാൻ വന്നില്ല'. ആ സംഭവത്തില്‍ താൻ ശരിക്കും നിരാശയായിരുന്നുവെന്ന് മിസ് ഹെപ്‌തുല്ല പറയുന്നു.
'ആ കോളിന് ശേഷം, ഞാൻ അവരോട് ഒന്നും പറഞ്ഞില്ല. ഐപിയു പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൻ്റെ പേര് ഫോർവേഡ് ചെയ്യുന്നതിന് മുമ്പ്, ഞാൻ സോണിയയുടെ അനുവാദം വാങ്ങിയിരുന്നു, ആ സമയത്ത് അവർ അനുഗ്രഹിക്കുകയും ചെയ്തു'- മണിപ്പൂർ മുൻ ഗവർണർ എഴുതുന്നു. രാജ്യസഭയിലെ മുന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായ നജ്മ ഹെപ്തുല്ല സോണിയാ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2004-ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2014ലെ നരേന്ദ്ര മോദി സർക്കാരിൽ ന്യൂനപക്ഷകാര്യ മന്ത്രിയായി ചുമതലയേറ്റു.