TOPICS COVERED

തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികളുടെ ഭരണം യാക്കോബായ സഭ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി.  സെമിത്തേരിയടക്കമുള്ള പൊതുസൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗികാനാകണം.  സര്‍ക്കാര്‍ ഇടപെടല്‍ അവസാനമാര്‍ഗമാണ്.  പ്രശ്നം സങ്കീര്‍മാക്കാതെ ഇരുവിഭാഗവും സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 

എറണാകുളം, പാലക്കാട് ജില്ലകളിലെ തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ ജില്ലാ കലക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും  യാക്കോബായ സഭയും നല്‍കി ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.  ആറു പള്ളികളുടെയും ഭരണം യാക്കോബായ സഭ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറി ആരാധനയ്ക്ക് സൗകര്യമൊരുക്കണമെന്ന് കോടതി വ്യക്തമാക്കി.  താക്കോല്‍ കൈമാറി, ഉത്തരവ് നടപ്പാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം. ആറു പള്ളികളിലെയും സെമിത്തേരി, സ്കൂള്‍, ആശുപത്രി തുടങ്ങിയ പൊതുസൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാകണം. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയും സത്യവാങ്മൂലം നല്‍കണം.  പ്രശ്‌ന പരിഹാരത്തിനായ് സര്‍ക്കാര്‍ ഇടപെടലെന്നത് അവസാന മാര്‍ഗമാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

പള്ളികള്‍ കൈമാറാനുള്ള 2017ലെ ഉത്തരവ് നടപ്പാക്കാത്തതില്‍ യാക്കോബായ സഭയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.  സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാനായില്ലെങ്കില്‍ നീതി തേടി എവിടെ പോകണമെന്നും ബെ‍ഞ്ച് ചോദിച്ചു.  യാക്കോബായ സഭയും സര്‍ക്കാരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിലാണ്.  എന്നാല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലെ ഇളവ് തുടരും.  ക്രമസമാധാന പ്രശ്നമായി മാറിയ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ലാതെ തന്നെ പരിഹരിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് ആശ്വാസമാണ്. 

ENGLISH SUMMARY:

SC orders six churches under jacobites transferred to the orthodox faction