ഗുജറാത്തിന് വടക്ക് അറബിക്കടലിൽ മുങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ ചരക്ക് കപ്പലിൽനിന്ന് 12 ഇന്ത്യൻ നാവികരെ തീരസംരക്ഷണസേന രക്ഷിച്ചു. ചെറുബോട്ടിൽ രക്ഷപ്പെട്ട നാവികരെയാണ് കോസ്റ്റ് ഗാർഡിന്റെ കപ്പൽ രക്ഷിച്ചത്. പാക്കിസ്ഥാന്റെ മാരിടൈം സെക്യൂരിറ്റി ഏജൻസിയുമായി ചേർന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ രക്ഷാപ്രവർത്തനം. പാക് നാവികസേനയ്ക്ക് കീഴിലുള്ള മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ വിമാനമാണ് 12 ഇന്ത്യക്കാരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികരുമായി കോസ്റ്റുഗാർഡിന്റെ കപ്പൽ പോർബന്ധർ തീരത്തേക്ക് തിരിച്ചു. ഇറാൻ തുറമുഖത്തുനിന്ന് പോർബന്ധറിലേക്കുള്ള യാത്രയ്ക്കിടെയാണ് ചരക്കുകപ്പൽ മുങ്ങിയത്.