പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കര്‍ഷകരും പൊലീസും നേര്‍ക്കുനേര്‍. ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ചിനെതിരെ ഹരിയാന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റതോടെ ഇന്നത്തെ പ്രതിഷേധം കര്‍ഷകര്‍ നിര്‍ത്തി.
ഉച്ചയ്ക്ക് ഒരുമണിക്കാണ് സംയുക്ത കിസാന്‍ മോര്‍ച്ചയിലെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയിലെയും 101 കര്‍ഷക പ്രതിനിധികള്‍ കാല്‍നടയായി ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ശംഭുവില്‍ ഹരിയാന പൊലീസ് ഒരുക്കിയ രണ്ട് വരി ബാരിക്കേഡുകള്‍ കര്‍ഷകര്‍ മറിച്ചിട്ടു.
മൂന്നാമത്തെ നിര ബാരിക്കേഡിലേക്ക് കര്‍ഷകര്‍ നീങ്ങിയതോടെ ആദ്യം മുന്നറിയിപ്പും പിന്നാലെ കണ്ണീര്‍വാതക പ്രയോഗവും. ഒരുമണിക്കൂറോളം ശംഭു അതിര്‍ത്തി യുദ്ധക്കളം. കര്‍ഷക സംഘടന നേതാക്കള്‍ക്കടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. ഇതോടെ ഇന്നത്തെ ദില്ലി ചലോ മാര്‍ച്ച് നിര്‍ത്തിവച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍റര്‍നെറ്റിനും കൂട്ടമായി എസ്എംഎസ് അയയ്ക്കുന്നതിനും നിയന്ത്രണമുണ്ട്.