മുംബൈയിൽ ബസ് നിയന്ത്രണം വിട്ട് ഫുട്പാത്തിൽ പാഞ്ഞുകയറി ആറു പേർ മരിച്ചു. 29 പേർക്ക് പരുക്കേറ്റു. കുർള റെയിൽവേ സ്റ്റേഷനടുത്ത് എസ്.ജി.ബാർവെ മാർഗിൽ രാത്രി 9.50നാണ് സംഭവം. അതിവേഗത്തിൽ എത്തിയ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി മറ്റ് വാഹനങ്ങളിലേക്കും അതുവഴി നടന്നുപോയവരുടെ മുകളിലേക്കും ഇടിച്ച് കയറുകയായിരുന്നു. 

മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. ശിവം കശപ് (18),  അതീവ അബ്ദുൽ സലാം ഷാ (19), കനീസ് ഫാത്തിമ ഗുലാം കാസി (55) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 500 മീറ്ററോളം ഓടിയ ശേഷം ശിവ്ദർശൻ വിഹാർ സൊസൈറ്റിയുടെ ഗേറ്റിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. മണിക്കൂറുകൾ പണിപ്പെട്ടാണ് ഇവിടെ നിന്ന് ബസ് നീക്കിയത്.

ഡ്രൈവർ സഞ്ജയ് മോറെക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.