ശബരിമല സന്നിധാനത്ത് നടന്‍ ദിലീപിന്‍റെ 'വി.ഐ.പി ദര്‍ശന'ത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുന്നത് കേരളം കേട്ടു. സുപ്രീം കോടതിയിലും വി.ഐ.പി ദര്‍ശനത്തില്‍ വാദപ്രതിവാദങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. ക്ഷേത്രങ്ങളിലെ 'വിഐപി ദർശനം' ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തമാസം വാദം കേള്‍ക്കും. ക്ഷേത്രങ്ങൾ അധിക ഫീസ് ഈടാക്കി പ്രത്യേക ദര്‍ശനത്തിന് സൗകര്യമൊരുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. 'വിഐപി ദർശന' രീതി ഭരണഘടനാ ലംഘനമാണെന്നും ഭക്തരോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാട്ടി വിജയ് കിഷോർ ഗോസ്വാമി എന്ന വ്യക്തിയാണ് പൊതുതാല്‍പര്യ ഹർജി ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിൻ്റെയും ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഹര്‍ജിയിലെ ആവശ്യങ്ങള്‍
1. 'വിഐപി ദർശന' രീതി തുല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൻ്റെ ലംഘനമായി പ്രഖ്യാപിക്കുക
2. എല്ലാ ഭക്തരോടും തുല്യ പരിഗണനയ്ക്ക് നിർദ്ദേശം നല്‍കുക
3. ക്ഷേത്രത്തിലേക്ക് തുല്യതയോടെ പ്രവേശനം ഉറപ്പാക്കുന്നതിന് പൊതുമാര്‍ഗരേഖ നടപ്പാക്കുക
4. ക്ഷേത്ര നടത്തിപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മേൽനോട്ടത്തിനും ദേശീയ തലത്തില്‍ ബോർഡ് രൂപീകരിക്കുക
400, 500 രൂപ മുതൽ 1000 രൂപവരെ അധിക ഫീസ് ഈടാക്കിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെ കൂടുതൽ അടുത്തുനിന്ന് കാണാന്‍ സൗകര്യം നല്‍കുന്നത്. ഈ 'വിഐപി പ്രവേശന നിരക്ക്' നല്‍കാന്‍ കഴിയാത്ത ഭക്തര്‍ക്ക് പരിഗണനയില്ല. സാമ്പത്തിക പ്രയാസങ്ങളുള്ള ഭിന്നശേഷിക്കാര്‍, വയോധികര്‍, രോഗികള്‍ എന്നിവര്‍ക്കും വി.ഐ.പി ദര്‍ശന രീതി തിരിച്ചടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
Read Also: ദിലീപിന്‍റെ ദര്‍ശനം ഗൗരവതരം; എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്ക്?: ഹൈക്കോടതി
പ്രശ്‌നം പരിഹരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിരവധി നിവേദനങ്ങൾ നൽകിയിട്ടും ആന്ധ്രാപ്രദേശിന് മാത്രമാണ് നിർദ്ദേശം നൽകിയത്. മറ്റ് സംസ്ഥാനങ്ങളെ ഒഴിവാക്കിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിനെയും തമിഴ്നാട്, കർണാടക, ഉത്തർ പ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങളെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. നേരത്തെ ഈ ഹര്‍ജി പരിഗണിക്കവെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് ചീഫ് ജസ്റ്റിസ് സഞ്്ജീവ് ഖന്ന വിമര്‍ശിച്ചു.