gukesh-mk-stalin

ലോകചാംപ്യനെ വീഴ്ത്തി ചതുരംഗ ചക്രവര്‍ത്തിയായി ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് ഡി. ഗുകേഷ്. അവസാന ക്ലാസിക്കല്‍ മല്‍സരം വരെ നീണ്ട ചാംപ്യന്‍ഷിപ്പില്‍ ആദ്യമല്‍സത്തില്‍ തോറ്റശേഷമാണ് ചൈനീസ് താരമായ ഡിങ് ലിറനെ ഗുകേഷ് തോല്‍പിച്ചത്. ഗുകേഷിന്‍റെ വിജയം ആഘോഷമാക്കുകയാണ് രാജ്യമെങ്ങും. 

ഇതിനിടെ ഗുകേഷിന്‍റെ പേരില്‍ പുതിയൊരു പോര്‍മുഖം തുറന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഗുകേഷ് തങ്ങളുടെ സ്വന്തമാണെന്നാണ് തമിഴ്​നാടും ആന്ധ്രാപ്രദേശും വാദിക്കുന്നത്. വ്യാഴാഴ്​ച രാത്രി തമിഴ്​നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഗുകേഷിനെ അഭിനന്ദിച്ച് എക്​സില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. 'താങ്കളുടെ ശ്രദ്ധേയമായ നേട്ടം ഇന്ത്യയുടെ സമ്പന്നമായ ചെസ്സ് പാരമ്പര്യം തുടരാനും മറ്റൊരു ലോകോത്തര ചാംപ്യനെ സൃഷ്ടിച്ചുകൊണ്ട് ആഗോള ചെസ്സ് തലസ്ഥാനമെന്ന സ്ഥാനം വീണ്ടും ഉറപ്പിക്കാൻ ചെന്നൈയേയും സഹായിച്ചിരിക്കുന്നു. തമിഴ്​നാട് താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു,' എന്നാണ് സ്റ്റാലിന്‍ കുറിച്ചത്. 

സ്റ്റാലിന്‍റെ പോസ്റ്റിന് തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെലുങ്ക് പയന്‍ എന്ന് ഗുകേഷിനെ വിശേഷിപ്പിച്ച് എക്സില്‍ പോസ്റ്റ് പങ്കുവച്ചു.   '18-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാംപ്യനായി സിംഗപ്പൂരിൽ ചരിത്രം രചിച്ച നമ്മുടെ സ്വന്തം തെലുങ്ക് പയ്യനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! താങ്കളുടെ അവിശ്വസനീയമായ നേട്ടം രാജ്യം മുഴുവൻ ആഘോഷിക്കുന്നു. വരും ദശകങ്ങളിൽ ഇനിയും നിരവധി വിജയങ്ങളും അംഗീകാരങ്ങളും നേടട്ടെ" ചന്ദ്രബാബു നായിഡു എക്‌സിൽ കുറിച്ചു. 

ഇതോടെ എക്​സില്‍ ഇരുസംസ്ഥാനവും ചേരി തിരിഞ്ഞ് തര്‍ക്കമായി. മാതാപിതാക്കള്‍ക്ക് ആന്ധ്രാപ്രദേശില്‍ വേരുകളുണ്ടെങ്കിലും ഗുകേഷ് ജനിച്ചതും വളര്‍ന്നുമെല്ലാം ചെന്നൈയിലാണ്. ഗുകേഷിന്‍റെ വംശപരമ്പര ആന്ധ്രാപ്രദേശില്‍ നിന്നുമാണെന്നും അതിനാല്‍ താരം തങ്ങള്‍ക്ക് സ്വന്തമാണെന്നുമാണ് തെലുങ്കരുടെ വാദം. എന്നാല്‍ വംശപരമ്പര പറഞ്ഞിട്ട് കാര്യമില്ലെന്നും ഗുകേഷിന്‍റെ ചെസ് ചാംപ്യന്‍ എന്ന നേട്ടത്തിലേക്കുള്ള ചെലവും സാഹചര്യവും ഒരുക്കിയത് തമിഴ്​നാടാണെന്നുമാണ് തമി​ഴ്നാട്ടുകാരുടെ വാദം. തമിഴ്​നാട് സര്‍ക്കാര്‍ ഗുകേഷിന് 75 ലക്ഷം രൂപ നല്‍കിയതിന്‍റെ സ്​ക്രീന്‍ ഷോട്ടും ഒരാള്‍ പങ്കുവച്ചു. 

കമല ഹാരിസ് തമിഴ് സ്ത്രീയാണെങ്കില്‍ ഗുകേഷ് തെലുങ്ക് പയ്യനാണെന്നാണ് ഒരാള്‍ കുറിച്ചത്. ഗുകേഷ് വീട്ടില്‍ തെലുങ്കാണ് സംസാരിക്കുന്നതെന്നും അതിനാല്‍ അവനെ നമുക്ക് അവകാശപ്പെടാമെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്. എന്തായാലും ഗുകേഷിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പോര് കടുക്കുകയാണ്. 

ENGLISH SUMMARY:

Tamil Nadu and Andhra Pradesh fight for Gukesh in social media