പുഷ്പ2 വിന്‍റെ റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസില്‍ അറസ്റ്റിലായ തെലുഗു സൂപ്പര്‍താരം അല്ലുഅര്‍ജുന് ജയിലില്‍ നല്‍കിയത് സാധാരണ ഭക്ഷണമെന്ന് ജയില്‍ അധികൃതര്‍. ചോറും വെജിറ്റബിള്‍ കറിയുമാണ് അത്താഴമായി നല്‍കിയത്. കോടതി ഉത്തരവുണ്ടായിരുന്നതിനാല്‍ സ്പെഷല്‍ ക്ലാസ് തടവുകാരനായാണ് പരിഗണിച്ചതെന്നും തെലങ്കാന ജയില്‍ വകുപ്പ് വ്യക്തമാക്കി. 

'അല്ലു അര്‍ജുന്‍ പതിവുപോലെ ശാന്തനായിരുന്നു. നിരാശ തെല്ലും അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്നില്ല. ജയിലില്‍ സാധാരണയായി വൈകുന്നേരം 5.30നാണ് അത്താഴം വിളമ്പുക. വൈകിയെത്തുന്നവര്‍ക്കും ഭക്ഷണം നല്‍കാററുണ്ട്. അല്ലുവിന് ചോറും വെജിറ്റബിള്‍ കറിയുമാണ് നല്‍കിയത്'– ജയില്‍ വകുപ്പ് വിശദീകരിച്ചു. ജയിലിനുള്ളില്‍ അല്ലു ഒരുതരത്തിലുമുള്ള പരിഗണനയും ആവശ്യപ്പെട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്പെഷല്‍ ക്ലാസ് തടവുകാരെ മറ്റ് തടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കുകയില്ല. പ്രത്യേക മുറിയില്‍ കസേരയും ടേബിളും കട്ടിലും നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് താരത്തെ ജയിലില്‍ എത്തിച്ചത്. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഉത്തരവ് ജയിലില്‍ എത്താന്‍ വൈകിയതോടെ താരം രാത്രി മുഴുവന്‍ ജയിലില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച രാവിലെ 6.20ഓടെയാണ് താരം ജയില്‍മോചിതനായത്. 

ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് വൈകുന്നേരം ഏഴുമണി കഴിഞ്ഞാല്‍ തടവുകാരെ വിട്ടയയ്ക്കാറില്ല. വളരെ സവിശേഷമായ കേസുകളില്‍ മാത്രം വിട്ടയയ്ക്കാനുള്ള സമയം ഒന്‍പത് മണി വരെ നീട്ടാറുണ്ട്. തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചതിന്‍റെ പകര്‍പ്പ് രാത്രി 11.30ഓടെയാണ് ജയിലില്‍ എത്തിയത്. ഇതോടെയാണ് താരത്തെ രാത്രി ജയിലില്‍ തന്നെ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും അല്ലു അര്‍ജുനെ  വിട്ടയ്ക്കാതിരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വാസ്തവമല്ലെന്നും ജയില്‍വകുപ്പ് വിശദീകരിച്ചു. 

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ നടന്ന സ്ക്രീനിങിനിടെയാണ് അപകടമുണ്ടായത്. സിനിമ കാണുന്നതിനായി അല്ലു തിയറ്ററിലെത്തിയതോടെ വന്‍ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. ഇതില്‍പ്പെട്ടാണ് 35കാരിയായ യുവതി മരിക്കുകയും അവരുടെ എട്ടുവയസുകാരനായ മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. കുട്ടി നിലവില്‍ വെന്‍റിലേറ്ററിലാണ്. ദാരുണ സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും അദ്ദേഹത്തിന്‍റെ സുരക്ഷാസംഘത്തിനും തിയറ്റര്‍ മാനെജ്മെന്‍റിനും എതിരെ സിറ്റി പൊലീസ് കേസെടുക്കുകയായിരുന്നു. മരിച്ച യുവതിയുടെ കുടുംബമാണ് പരാതി നല്‍കിയിരുന്നത്. 

ENGLISH SUMMARY:

Telugu superstar Allu Arjun was provided normal food in jail, according to jail authorities. For dinner, he was served rice and vegetable curry. The Telangana prison department also stated that he was treated as a special-class prisoner as per the court's order.