moral-policing

ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന പേരില്‍ മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ഡിസംബർ 11 ന് സഹരൻപൂർ ജില്ലയിലെ ദേവ്ബന്ദിലാണ് സംഭവം. അനുജത്തിക്കൊപ്പം ബന്ധു വീട്ടില്‍ നിന്ന് മടങ്ങും വഴിയാണ് 17കാരിക്ക് നേരെ ആക്രമണം ഉണ്ടായത്. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പൊലീസ് നടപടിയും സ്വീകരിച്ചു.

'ബന്ധു വീട്ടില്‍ നിന്ന് മടങ്ങും വഴി  മോട്ടോർ സൈക്കിളിൽ വന്ന ഒരാൾ തങ്ങളോട് വഴി ചോദിച്ചു. ഞാന്‍ അവര്‍ക്ക് വഴി പറഞ്ഞ് കൊടുത്തു. ഇത് കണ്ടുകൊണ്ടുവന്ന ചിലര്‍ ഞാന്‍ ഒരു അന്യമതസ്ഥനോട് സംസാരിച്ചെന്ന് പറഞ്ഞ് ആളെക്കൂട്ടുകയും ഉപദ്രവിക്കുകയുമായിരുന്നു' എന്നാണ് യുവതിയുടെ മൊഴി. സഹോദരനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ ഫോണ്‍ പൊട്ടിച്ചു. യുവാവിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന സമ്മാനപൊതി പെണ്‍കുട്ടി സമ്മാനിച്ചതാണെന്ന് ആരോപിച്ചെന്നും ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞു. 

പെണ്‍കുട്ടികള്‍ സംസാരിച്ച യുവാവ് ഹിന്ദുവല്ലെന്ന് മനസിലാക്കിയതിന് പിന്നാലെ കുട്ടികളെ ആള്‍ക്കൂട്ടം വിട്ടയച്ചു. തുടർന്ന് പെൺകുട്ടികൾ ലോക്കൽ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് മെഹ്താബ് എന്ന 38 കാരനെ യുപി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഉപയോഗിച്ച് ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

ENGLISH SUMMARY:

In a shocking incident, a girl was subjected to mob violence allegedly for speaking to a Hindu youth. The attack has raised concerns over rising intolerance and moral policing. Authorities are investigating the case, and calls for strict action against the perpetrators have been growing. The incident has sparked widespread outrage on social media, with activists demanding justice for the victim.