പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്. നടന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ഒമ്പതു വയസുകാരന്‍ ശ്രീതേജ്. ഈ ആരാധന കാരണം തേജിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് പുഷ്പ എന്നായിരുന്നു. അല്ലു അര്‍ജുന്റെ പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ അതിനാല്‍ തേജിന്റെ കടുത്ത നിര്‍ബന്ധം മൂലമാണ് മാതാപിതാക്കളായ ഭാസ്‌ക്കറും രേവതിയും സഹോദരി ഏഴു വയസുകാരി സാന്‍വികയും എത്തിയത്.
എന്നാല്‍ പ്രീമിയര്‍ ഷോയ്‌ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ശ്രീതേജിന്‍റെ അമ്മയുടെ ജീവന്‍ നഷ്ടമായിരുന്നു. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി രാത്രി 11 മണിക്ക് ആരാധകരുടെ വലിയ നിരതന്നെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിനു മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു.
ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്. സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തു. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.