മുംബൈയില്‍ 13 പേരുടെ ജീവന്‍ നഷ്ടമായ ബോട്ടപകടത്തില്‍ വിശദമായ അന്വേഷണം തുടങ്ങി നാവികസേന. ഇന്നലെ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് കടലിൽ യാത്രാബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ഉല്ലാസ യാത്രക്കായി എലഫെന്‍റ് കേവിലേക്ക് പോയ യാത്രാബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നു
വൈകിട്ട് നാല് മണിയോടെ ആണ് മുംബൈയെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. ഉല്ലാസയാത്രയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് നിന്ന് എലഫെന്‍റ് കേവ് ഉൾപ്പെടുന്ന ഐലന്‍റിലേക്ക് പോകുകയായിരുന്നു യാത്രാ ബോട്ട്. നിയന്ത്രണം വിട്ട നാവിക സേനയുടെ സ്പീഡ് ബോട്ട് ഈ യാത്രാബോട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പുതിയ എൻജിന്‍റെ ട്രയൽ റൺ നടത്തുന്നതിനിടെ ആണ് സ്പീഡ് ബോട്ട് അപകടത്തിൽ പെട്ടത്. സമീപത്ത് കാവൽ ഉണ്ടായിരുന്ന നേവിയും കോസ്റ്റ് ഗാർഡും ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി എങ്കിലും പത്ത് യാത്രക്കാരുടെ ജീവൻ വെള്ളത്തിൽ പൊലിഞ്ഞു. സ്പീഡ് ബോട്ടിലെ ഒരു നാവിക സേന ഉദ്യോഗസ്ഥനും ട്രയൽ റണ്ണിന്‍റെ ഭാഗമായ രണ്ട് പേരും മരിച്ചു. ഇരുപതോളം കുട്ടികൾ ഉൾപ്പെടെ നൂറ്റിപ്പത്തിലധികം യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. പലർക്കും ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം കുട്ടി. പരുക്കേറ്റ് ചികിത്സയിലുള്ള ഏതാനും പേരുടെ നില ഗുരുതരമാണ്.
വിമാനങ്ങളും ഹെലിക്കോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ച് നേവിയും കോസ്റ്റുഗാർഡും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ നാവികസേന വിശദമായ അന്വേഷണം തുടങ്ങി. മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യാത്രാ ബോട്ടിന്‍റെ ഉടമയെ അറസ്റ്റു ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.