ഉത്തർപ്രദേശിലെ പിലിഭിത്തില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. പഞ്ചാബ് ഗുരുദാസ്പൂരിലെ പൊലീസ് പോസ്റ്റ് ആക്രമിച്ച സംഘത്തെയാണ് പഞ്ചാബ്, യു.പി പൊലീസ് സംയുക്തമായി നടത്തിയ ദൗത്യത്തില്‍ വധിച്ചത്. ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് എന്ന നിരോധിത സംഘടനയിൽപ്പെട്ട ഗുർവിന്ദർ സിങ്, വീരേന്ദർ സിങ്, ജസ്പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരിൽ നിന്ന് രണ്ട് എകെ 47 തോക്കുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. പുരൻപൂർ പ്രദേശത്ത് മൂന്ന് ഭീകരരെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിരച്ചിലിനിടെ ഭീകരര്‍ പൊലീസ് സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ചയാണ് ഗുരുദാസ്പൂർ കലനൂരിലെ ഉപേക്ഷിക്കപ്പെട്ട പൊലീസ് പോസ്റ്റിൽ ഭീകരര്‍ സ്ഫോടനം നടത്തിയത്.