പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത കേസില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ രണ്ട് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. പൊലീസിന്‍റെ ചോദ്യങ്ങള്‍ക്കൊന്നും താരം കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയുമായി എന്തിന് തിയറ്ററിലേക്ക് പോയി?, സ്വകാര്യ സുരക്ഷാസംഘം ജനങ്ങളെ മര്‍ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല?,എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്?, മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയത് പരസ്പരവിരുദ്ധ പ്രസ്താവനകളല്ലേ എന്നീ ചോദ്യങ്ങളിലാണ് പൊലീസ്  ഉത്തരം തേടിയത്. 

സംഭവ ദിവസം പൊലീസ് സന്ധ്യ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച വിഡിയോയും അല്ലു അര്‍ജുനെ കാണിച്ചു. താരത്തെ തിയറ്ററിലെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് സൂചന. അല്ലുവിനെ ചോദ്യം ചെയ്തതിന് പിന്നാലെ സുരക്ഷാമാനേജര്‍ ആന്‍റണി ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരാധകരെ ബൗണ്‍സര്‍ വടികൊണ്ട് തല്ലുന്ന വിഡിയോ പുറത്തുവന്നിരുന്നു. 

അപകടമുണ്ടായ വിവരം അല്ലു അര്‍ജുന്‍റെ മാനേജരെ അറിയിച്ചിരുന്നുവെന്നും സ്ഥലത്ത് നിന്ന് മടങ്ങിപ്പോകാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അല്ലു അര്‍ജുന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ഡിജിപി ഇടപെട്ടതോടെയാണ് താരം മടങ്ങിയതെന്നും തെലങ്കാന പൊലീസ് ആരോപിച്ചിരുന്നു. സിനിമ തീര്‍ന്നിട്ട് മടങ്ങാമെന്ന നിലപാടാണ് താരം സ്വീകരിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. യുവതി മരിച്ച വിവരവും കുട്ടിക്ക് ഗുരുതര പരുക്കേറ്റതും അറിയിച്ചുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പിറ്റേ ദിവസം മാത്രമാണ് താന്‍ വിവരമറി‍ഞ്ഞതെന്ന നിലപാടാണ് താരം സ്വീകരിച്ചത്. ഇത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. കേസില്‍ ഇടക്കാല ജാമ്യത്തിലാണ് നിലവില്‍ താരം. 

ENGLISH SUMMARY:

Telugu superstar Allu Arjun was interrogated by the police for two hours in connection with the stampede on the day of the release of Pushpa 2. His manager was taken into custody by the police