ഇന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്‍മവാര്‍ഷികം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവും ബി.ജെ.പിയിലെ മിതവാദിയും ആയിരുന്നു വാജ്പേയ്. 1924 ഡിസംബര്‍ 25 ന് ഗ്വാളിയോറില്‍ ജനിച്ച അദ്ദേഹത്തിന്‍റെ ജീവിതം പുതിയകാല രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണ്. സൗമ്യനായിരുന്നു.. കര്‍ക്കശക്കാരനും....വാഗ്മിയായായിരുന്നു...വാക്കുകൊണ്ട് ആരെയും മുറിവേല്‍പ്പിച്ചിട്ടില്ല, രാഷ്ട്രീയക്കാരനായിരുന്നു, പക്ഷേ അധികാരമോഹിയായിരുന്നില്ല.... വിശേഷണങ്ങള്‍ ഒന്നും അധികമാവില്ല അടല്‍ ബിഹാരി വാജ്പേയിക്ക്
അധ്യാപക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്‍റെ ജീവിതം തലമുറകള്‍ക്കുള്ള പാഠപുസ്തകമാണ്. ശൂന്യതയില്‍നിന്ന് ഒരു പാര്‍ട്ടിയെ പടുത്തയുയര്‍ത്തി, അതിന്‍റെ അമരക്കാരനായി രാജ്യം ഭരിച്ചു. വീഴ്ചകളില്‍ ഇടറിയില്ല, പരിഹാസങ്ങളില്‍ പരിഭവിച്ചില്ല... ആശയങ്ങളും നിലപാടുകളുമായിരുന്നു കൂട്ട്.... മൂന്നുതവണ ഇന്ത്യന്‍ പ്രധാനമന്ത്രി, ബി.ജെ.പിയില്‍നിന്നുള്ള ആദ്യ പ്രധാനമന്ത്രി, അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി....രാഷട്രീയ യാത്രയില്‍ നേട്ടങ്ങള്‍ ഏറെയുണ്ട്. 13 ദിവസവും 13 മാസവും മാത്രം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയും വാജ്പേയിതന്നെ. പൊഖറാനില്‍ ബുദ്ധന്‍ വീണ്ടും ചിരിച്ചത് വാജ്പേയിയുടെ കാലത്ത്, രണ്ടാം അണുബോംബ് പരീക്ഷണത്തിലൂടെ. കാര്‍ഗില്‍ യുദ്ധവിജയം മറ്റൊരു പൊന്‍തൂവല്‍... 1999 ലെ വിമാനറാഞ്ചലും 2001 ലെ പാര്‍ലമെന്‍റ് ഭീകരാക്രമണവും വാജ്പേയി ഭരണത്തിന്‍റെ പ്രഭയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്നതും വസ്തുത.
ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അടുത്തിരുത്തി വാജ്പപേയ് നടത്തിയ വിമര്‍ശനവും ബാബറി മസ്ജിദ് തകര്‍ത്തതിനോട് വിയോജിച്ചതും വാജ്പേയിയുടെ രാഷ്ട്രീയ പരിശുദ്ധിക്ക് തിളക്കമേറ്റുന്നു. ഭരണഘടനയും അംബേദ്കറും ചര്‍ച്ചയാവുന്ന കാലത്ത്, രാഷ്ട്രീയ വിയോജിപ്പുകള്‍ വ്യക്തി അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്ന കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടല്‍ ബിഹാറി വാജ്പേയിയുടെ പ്രവര്‍ത്തന ശൈലിക്കും നിലപാടുകള്‍ക്കും പ്രസക്തി ഏറുന്നു