മന്‍മോഹന്‍ സിങിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഭരണഘടനയോടുള്ള കൂറ് എക്കാലവും കാത്തുസൂക്ഷിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങെന്ന് മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പില്‍. സ്വതന്ത്ര ഇന്ത്യകണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളാണ് മന്‍മോഹന്‍ സിങെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണ രൂപം...

‘ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിങ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്‍മെന്‍റില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു.

 

ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്‍മോഹന്‍ സിങിനുണ്ടായിരുന്നു. അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തർദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു. ഡോ. മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിങിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.’

വി.ഡി സതീശന്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം...

‘ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍. ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്‍റെ മനസിൽ മായാതെ നിൽക്കും.’

ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയെന്നും നരേന്ദ്രമോദി. ഭാരതത്തിന്‍റെ ഏറ്റവും മഹത്തായ പുത്രന്‍മാരില്‍ ഒരാള്‍ക്ക് ആദരാഞ്ജലികളെന്ന് രാഷ്ട്രപതി. തനിക്ക് ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിച്ച നേതാവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. രാജ്യഭരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. മന്‍മോഹന്‍സിങ്ങിന്‍റെ ജീവിതം എന്നും പ്രചോദനമെന്ന് പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു. ദീര്‍ഘദര്‍ശിയായ നേതാവിനെ നഷ്ടമായെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ENGLISH SUMMARY:

Chief Minister and Leader of Opposition condoled the demise of Manmohan Singh.