Image Credit: Twitter

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. അസമിലെ ഗുവാഹത്തിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൗസുമി ഗൊഗോയ് എന്ന യുവതിക്കുനേരെയാണ് ആക്രമണം നടന്നത്. ഗുവാഹത്തിയിലെ ലേറ്റ് ഗേറ്റ് ഏരിയയിൽ വച്ചാണ് കാമുകന്‍ കൂടിയായ യുവാവ് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പുറത്തേക്ക് പോകാനായി രാവിലെ ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്ത യുവതി, വീടിനു പുറത്ത് കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ ഭൂപന്‍ ദാസ് കയ്യില്‍ കരുതിയ കത്തികൊണ്ട് യുവതിയെ മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. 

ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതിയെ പിന്നീട് ഹൗസിങ് കോംപ്ലക്‌സ് ഏരിയയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി സ്വയം സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് മൗസുമി ഗൊഗോയ് നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Man Stabs Girlfriend To Death In Assam, Attempts Suicide: Police